Freitag, 10. Januar 2014

ധ്രുവദീപ്തി: പ്രാർത്ഥന ഇന്ന്, പ്രാർത്ഥനകൊണ്ട് എന്തർത്ഥമാക്കുന്നു? // Fr. Dr. Dr. Joseph Pandiappallil M.C.B.S

ധ്രുവദീപ്തി:

പ്രാർത്ഥന ഇന്ന്, പ്രാർത്ഥനകൊണ്ട് എന്തർത്ഥമാക്കുന്നു


Fr. Dr. Dr. Joseph Pandiappallil  M.C.B.S


ന്നത്തെ ചിന്തിക്കുന്ന മനുഷ്യൻ പ്രാർത്ഥന എന്ന പദം കൊണ്ട് എന്തർത്ഥമാക്കുന്നു? ഇന്നത്തെ മനുഷ്യൻ പ്രാർത്ഥിക്കുന്നവനും പ്രാർത്ഥിക്കുവാൻ തനതായി ഇഷ്ടപ്പെടുന്നവനുമാണോ? അർത്ഥപൂർണ്ണമായ രീതിയിൽ ഇന്നത്തെ മനുഷ്യനോട് പ്രാർത്ഥനയെക്കുറിച്ച് നമുക്ക് സംസാരിക്കുവാൻ സാധിക്കുമോ? ഇത്തരം നിരവധി ചോദ്യങ്ങൾക്കൊക്കെ ഒറ്റ വാക്കിൽ ഉത്തരം പറയുക എളുപ്പമല്ല. കാരണം, പണ്ട് പ്രാർത്ഥനയിൽ അഭയം തേടുവാൻ പ്രേരിപ്പിച്ചിരുന്ന ജീവിത സാഹചര്യങ്ങളിൽ വ്യത്യസ്തമായ മനോഭാവമാണ് ഇക്കാലത്ത് പലരും  പുലർത്തുന്നത്. പരമ്പരാഗതമായ മത സംവിധാനങ്ങളിൽ നിന്നും വേർപെട്ട് തനതായ അന്വേഷണങ്ങളിലും നവീനങ്ങളായ മതസംഘങ്ങളിലും ഉറവിടങ്ങൾ തേടുന്ന മനുഷ്യന്റെ ദൈവവിശ്വാസം ആഴപ്പെടുത്തുവാനും അവരെയെല്ലാം പ്രാർത്ഥനാജീവിതത്തിലേയ്ക്ക് നയിക്കുവാനുമുള്ള ദൌത്യം നമുക്കുണ്ട്. പഴമയെ തള്ളിപ്പറയാതെയും കാലത്തിന്റെ മാറ്റങ്ങളെ കണക്കിലെടുത്തും വേണം ഈ ദൗത്യനിർവഹണം.

സാമൂഹിക പശ്ചാത്തലത്തിലും മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിലും ചിന്താരീതിയിൽ പോലും പണ്ടെന്നതിലും ഏറെ വ്യത്യസ്തമായ സാമൂഹ്യ പശ്ചാത്തലമാണ് ഇന്നത്തേത്. തലമുറകളുടെ വിടവുണ്ടാക്കുവാൻ അഞ്ചു വർഷങ്ങൾ മതിയെന്ന് പറഞ്ഞിരുന്നിടത്ത് ഇന്നത്‌ അതിലും കുറഞ്ഞിരിക്കുന്നു. പഴയതിനെ തള്ളിപ്പറയുവാനുള്ള പ്രവണത മറ്റെന്നത്തെക്കാളും കൂടുതലാണ്. പഴയതൊന്നും മൂല്യമുള്ളതല്ല എന്ന മൂഢവിശ്വാസത്തിലാണ് പലരും.

പ്രായമായ മനുഷ്യരാണെങ്കിൽ ആർക്കും ആവശ്യമോ താൽപ്പര്യമൊ ഇല്ലാത്ത മരണത്തിന്റെ വിധിക്ക് വഴങ്ങാത്തതിൽ ശാപം പേറുന്ന മനുഷ്യക്കോലങ്ങൾ മാത്രമായിരിക്കുന്നു. എങ്ങനെയും "എവുത്തനാസ്യാ" (ദയാവധം) നിയമം ആക്കുവാനുള്ള ചിന്താ വ്യഗ്രതയിലാണ്  പല രാഷ്ട്രങ്ങളും. അതിന്റെ മറവിൽ ഇഷ്ടമില്ലാത്തവരുടെ ജീവൻ നിലനിർത്താതിരിക്കാനുള്ള പഴുതും ഉണ്ടാവും.

ശാസ്ത്ര സാങ്കേതിക വളർച്ചയും വാർത്താമാധ്യമങ്ങളുടെ വളർച്ചയും മനുഷ്യന്റെ ജീവിതനിലവാരം ഉയർത്തി. ജീവിതശൈലി വ്യതിയാനപ്പെടുത്തി. ജീവിത മൂല്യങ്ങളിൽ മാറ്റങ്ങളുണ്ടാക്കി. കംപ്യൂട്ടർ സാങ്കേതികയുഗം പെട്ടെന്ന് അവസാനിക്കുന്ന മട്ടായി. കംപ്യൂട്ടർ വഴി എല്ലാം നേടാമെന്നും എല്ലാ ജീവിത സംതൃപ്തിയും കൈവരിക്കാമെന്നും ചിന്തിച്ച മനുഷ്യൻ തുലാമഴ പെയ്തു പറന്നകന്ന ഒരു അവസ്ഥയിലാണെന്ന് പലർക്കും പറയാൻ തോന്നിത്തുടങ്ങി. വരാൻ പോകുന്ന ആത്മാവബോധത്തിന്റെയും ആത്മാന്വേഷണത്തിന്റെയും കാലഘട്ടത്തിന്റെ അടയാളങ്ങളാണ് കംപ്യൂട്ടർ യുഗം നമുക്ക് തരുന്നത്.

കുടുംബാംഗങ്ങളുടെ പ്രാർത്ഥന

അതുകൊണ്ടുതന്നെ മനുഷ്യരിന്ന് കൂടുതലായി പ്രാർത്ഥിക്കുന്നവരും അതിൽ വിശ്വസിക്കുന്നവരുമാണ്. എന്നാൽ അവരുടെ ആവശ്യങ്ങക്ക് വശ്യമായ രീതിയിൽ വിശ്വാസത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുവാനും പ്രാർത്ഥനയുടെ ശൈലികൾ രൂപപ്പെടുത്തുവാനും എളുപ്പമല്ലാ. വിശ്വാസത്തിൽ വളരുന്നവരും വിശ്വാസം പങ്കു വയ്ക്കുന്നവരും ഒരുപോലെ മനസ്സിലാക്കേണ്ട കാര്യമാണിത്.

കേരളത്തിലെ ക്രൈസ്തവരിൽ നല്ലൊരു ശതമാനം ഇക്കാലത്ത് കരിസ്മാറ്റിക് പ്രാർത്ഥനാശൈലി സ്വീകരിച്ച്‌ കരിസ്മാറ്റിക് ആദ്ധ്യാത്മികതയിൽ ഏറെ വിശ്വസിച്ചു വളരുന്നവരാണ്. എഴുപതുകളുടെ അവസാനം മുതൽ ഇങ്ങോട്ട് കേരള ആദ്ധ്യാത്മികതയെ പരിശോധിച്ചാൽ മതജീവിതത്തിൽ കരിസ്മാറ്റിക് ആദ്ധ്യാത്മികതയിലേയ്ക്കുള്ള കേരള ക്രിസ്ത്യാനികളുടെ വളർച്ചയിലെ ചില മാറ്റങ്ങൾ മനസ്സിലാകും. ആഫ്രിക്കയിലും ആവേശകരമായ വരവേൽപ്പ് കരിസ്മാറ്റിക് പ്രസ്ഥാനത്തിന് കിട്ടി. എന്നാൽ യൂറോപ്പിലെ സ്ഥിതിയതല്ലാ. യൂറോപ്പിലെ ക്രൈസ്തവരിൽ വളരെ ചെറിയൊരു ശതമാനം മാത്രമേ കരിസ്മാറ്റിക് ആദ്ധ്യാത്മികതയോട് ആഭിമുഖ്യം പുലർത്തുന്നുള്ളൂ.

ദിവ്യബലിയിലെ സമൂഹ പ്രാർത്ഥന

യൂറോപ്പിലെ ക്രൈസ്തവരിൽ ഭൂരിപക്ഷവും ക്രൈസ്തവ ജീവിതത്തെയും വിശ്വാസത്തെയും ബുദ്ധികൊണ്ട് വിശകലനം ചെയ്യാൻ ഇഷ്ടപ്പെടുന്നവരും നിയമങ്ങൾക്കനുസൃതമായി ക്രമപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരുമാണ്. സാംസ്കാരികമായ ആഭിമുഖ്യത്തിന്റെയും സമൂഹമനോഭാവത്തിന്റെയും പ്രത്യേകതകൾ മൂലമാണിത്. ഭാരതീയരുടെ അടിസ്ഥാനസ്വഭാവത്തിൽ ചേർന്ന്  അലിഞ്ഞിരിക്കുന്ന അതീന്ദ്രിയത്വവും യുക്തിക്കതീതമായ തീവ്ര വിശ്വാസ വീക്ഷണവും ഭാരത ക്രൈസ്തവാദ്ധ്യാത്മികതയിലും നിഴലിക്കുന്നുണ്ട്. അത് പക്ഷെ  കുറച്ചുകൂടി കൃത്യമായി വിശകലനം ചെയ്‌താൽ എല്ലായിടത്തും എല്ലാത്തരത്തിലുമുള്ള ശൈലികൾ കാണാനാവും. എണ്ണത്തിലുള്ള ചുരുക്കം ചില ഏറ്റക്കുറച്ചിലുകൾ മാത്രമേ വ്യത്യസ്തമായിട്ടുള്ളൂ.

ഇന്നത്തെ മനുഷ്യൻ പ്രാർത്ഥന കൊണ്ട് എന്തർത്ഥമാക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇന്നത്തെ മനുഷ്യന് മതജീവിതം എന്തർത്ഥമാക്കുന്നു എന്നൊരു ചോദ്യം കൂടി ചോദിക്കേണ്ടിയിരിക്കുന്നു. കാരണം മതജീവിതവുമായി തൊട്ടു ബന്ധപ്പെടുത്തി മാത്രമേ പ്രാർത്ഥനാജീവിതത്തെപ്പറ്റി ചിന്തിക്കുവാനും അവ വിലയിരുത്തുവാനും സാധിക്കുകയുള്ളൂ. മതജീവിതത്തിന്റെ ഒട്ടും ഒഴിച്ചു കൂടാനാവാത്ത അംശമാണ് പ്രാർത്ഥനാജീവിതം. പ്രാർത്ഥനാജീവിതം ഇല്ലാതെ മതജീവിതം നയിക്കാനൊ മതത്തിൽ വിശ്വസിക്കാനോ സാധിക്കുകയില്ല.

ജറുസലേമിലെ വിലാപ മതിലിൽ യഹൂദരുടെ പ്രാർത്ഥന

മതജീവിതം ജന്മമെടുക്കുന്നത് പ്രാർത്ഥനയിലാണ്. ഇക്കാര്യത്തിൽ അപ്പോൾ ക്രിസ്ത്യാനിയോ, മുസൽമാനോ, ഹിന്ദുവോ ആയിക്കൊള്ളട്ടെ, അവരിൽ പ്രാർത്ഥിക്കാത്ത മനുഷ്യൻ മതവിശ്വാസിയെന്നോ മതാനുയായി എന്നോ പറയുന്നതിൽ അർത്ഥമില്ല. മതജീവിതം വഴി അർത്ഥമാക്കുന്ന ലക്ഷ്യം പ്രാപിക്കാനുള്ള മാർഗ്ഗമാണ് പ്രാർത്ഥനയും പ്രാർത്ഥനാ ജീവിതവും. ബുദ്ധമതക്കാർ പ്രാർത്ഥിക്കാറില്ല. ധ്യാനിക്കാറെയുള്ളൂ. പ്രാർത്ഥനയും ധ്യാനവും തമ്മിൽ അന്തരമുണ്ട്. എന്നിരുന്നാലും ബുദ്ധമതക്കാർ ധ്യാനം കൊണ്ട് അർത്ഥമാക്കുന്ന ലക്ഷ്യം തന്നെയാണ് മറ്റു മതങ്ങളിൽ പ്രാർത്ഥന കൊണ്ട് അർത്ഥമാക്കുന്നത്. വാക്കുകളും ധാരണകളും വ്യാഖ്യാനങ്ങളും ശൈലികളും തമ്മിലുള്ള അന്തരം ലക്ഷ്യത്തെ വ്യത്യാസപ്പെടുത്തുന്നില്ല.

ദൈവത്തോടുള്ള ബന്ധവും ദൈവവുമായുള്ള ഐക്യവുമാണ് പ്രാർത്ഥനയുടെ ലക്ഷ്യം. അതോടൊപ്പം മാനസികമായ ആരോഗ്യം, സംതൃപ്തി, സ്വസ്ഥത, സമാധാനം തുടങ്ങിയവയും പ്രാർത്ഥന വഴി കൈവരാം. രണ്ടാമത് ഇതിൽ പറഞ്ഞതൊക്കെ പ്രത്യക്ഷമായ ഫലങ്ങളാണ്. എന്നാൽ പ്രത്യക്ഷങ്ങളായ ഈ ഫലങ്ങൾ നേടാൻ പ്രാർത്ഥനയ്ക്ക് പകരം ശാസ്ത്രീയമായി മനുഷ്യൻ വളർത്തിയെടുത്തിട്ടുള്ള മാനസ്സിക വ്യായാമങ്ങളിലും കൌണ്‍സിലിംഗ് പോലുള്ള മന:ശാസ്ത്രപരമായ ചികിത്സാരീതികളിലും പലരും അഭയം തേടാറുണ്ട്. പ്രാർത്ഥന വഴി വളരെ ലളിതമായും എളുപ്പത്തിലും നേടാവുന്ന കാര്യങ്ങളാണ്, പ്രാർത്ഥന വേണ്ടാ എന്നും പ്രാർത്ഥനയിൽ അർത്ഥമില്ലായെന്നും കരുതി വളരെ കഷ്ടപ്പെട്ട് കൃത്രിമവും ഭീമമായ സാമ്പത്തിക ബാദ്ധ്യതയും ഉളവാക്കുന്നതുമായ മാർഗ്ഗങ്ങളിലൂടെ കാര്യങ്ങൾ സ്വായത്തമാക്കുവാൻ  ഇത്തരക്കാർ ശ്രമിക്കുന്നത്.

ബുദ്ധ സന്യാസികളുടെ ധ്യാനം.
അതുപോലെതന്നെ വളരെ  ശ്രദ്ധേയമായ വസ്തുതയാണ് ഇക്കാലത്ത് സ്വന്തമായ മതവിശ്വാസവും മതാചാരങ്ങളും എല്ലാം വെടിഞ്ഞ് വേറെ പുതുതായി രൂപം കൊണ്ടിട്ടുള്ള ചില  മതപ്രസ്ഥാനങ്ങളിൽ ആശ്രയിക്കുന്നതും ഇതിനായി  അവയുടെ ആദർശങ്ങളും ആശയങ്ങളും പ്രാർത്ഥനാ രീതികളും മറ്റും അവലംബിക്കുന്നതും. ഇത്തരമുള്ള  പ്രവണതകൾ കൂടുതലായി നാമെല്ലാം കാണുന്നത് എവിടെയാണ്? യൂറോപ്പിലും  അമേരിക്കയിലും ജീവിക്കുന്ന ജനങ്ങളിലാണ്. തങ്ങൾക്കു സ്വന്തമായ വിശ്വാസ ജീവിതവും പ്രാർത്ഥനാശൈലിയും അവരിൽ ചിലർക്ക് സ്വീകാര്യമല്ല. അവരുടെ ജീവിത ശൈലിയോടും ജീവിതമൂല്യങ്ങളോടും അവ ചേരില്ല. തങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഉതകുന്ന ശൈലികൾ തേടുകയാണ് മനുഷ്യർ. ഏതു ശരി ഏതു ശരിയല്ല എന്നൊക്കെ അന്വേഷിക്കാനുള്ള കരുത്ത് മനുഷ്യർക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിലെ എല്ലാ വിവിധ   മണ്ഡലങ്ങളിലും ഇഷ്ടപ്പെട്ടവ തേടാനും അല്ലാത്തവ തള്ളിപ്പറയാനുമുള്ള തീവ്ര പ്രവണതയാണിന്നുള്ളത്. വൈകാരികമായി ഇഷ്ടപ്പെട്ടത് ശരിയാണോ എന്ന് ചോദിച്ചാൽ ശരിയും തെറ്റും ആപേക്ഷികമാണെന്ന് പലരും പറയും.

മതത്തിന്റെ പേരിലും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും നാമത്തിലും പ്രാർത്ഥനയുടെ പേരിലും ചില രാജ്യങ്ങളിലും സമൂഹങ്ങളിലുമെങ്കിലും അക്രമവും അനീതിയും യുദ്ധവും കലഹവും അസമാധാനവും തേർവാഴ്ച നടത്തുന്നുണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. ഇത്തരം സന്ദർഭങ്ങളിൽ പ്രാർത്ഥന പ്രാർത്ഥനയല്ലാതായിത്തീരുന്നു. വിശ്വാസം ഒരു കാപട്യമായി ഭവിക്കുന്നു. വിശ്വാസവും പ്രാർത്ഥനയും ദുരുപയോഗപ്പെടുകയാണിവിടെ. വിശ്വാസവും വിശ്വാസജീവിതവും സ്നേഹവും സമാധാനവും ഒരുമിച്ചു വളർത്തേണ്ടത്തിനു പകരം അക്രമവും യുദ്ധവും കാരണമാക്കിയാൽ മതവിശ്വാസം വഴി കരഗതമാകുന്നത് അതുവഴി ലഭിക്കേണ്ടതിന്റെ വിപരീത ഫലമാണ്. വിശ്വാസത്തെ സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി മനുഷ്യൻ ഇത്തരം അവസരങ്ങളിൽ ദുരുപയോഗിക്കുകയാണ്. മനുഷ്യനാകാനും മനുഷ്യത്വത്തിലേയ്ക്ക് വളരാനും കാരണമാകേണ്ട കാര്യങ്ങൾ മൃഗീയമായ ഒരു വ്യവസ്ഥിതി വരുത്തിവച്ചാൽ അവ യഥാർത്ഥത്തിൽ വിശ്വാസമോ പ്രാർത്ഥനയോ അല്ലെന്നു മനസ്സിലാക്കാനുള്ള ബോധം മനുഷ്യനുണ്ടാകണം.

മുസ്ലീമുകളുടെ പ്രാർത്ഥന
പ്രാർത്ഥന ജീവിതത്തിൽ പ്രതിഫലിക്കണം. ഒത്തിരി പ്രാർത്ഥിക്കുന്നവരും ഉണ്ട്. കൃത്യമായിത്തന്നെ എന്നും മുടങ്ങാതെ ദിവസവും പ്രാർത്ഥിക്കുന്നവരും ഉണ്ട്.  പുണ്യപൂർണ്ണവും സ്നേഹ നിർഭരവുമായി തങ്ങൾ ഓരോരുത്തനും തുറന്നു  ജീവിക്കുന്നില്ലെങ്കിൽ അവരുടെ പ്രാർത്ഥനകൾ  ആത്മാർത്ഥമല്ല. നമ്മുടെ പ്രാർത്ഥന ശരിയായിട്ടാണോ അതോ തെറ്റായിട്ടാണോ  എന്നൊക്കെ     അളക്കുവാനുള്ള യഥാർത്ഥമായ  മാന:ദണ്ഡം ജീവിത വിശുദ്ധിയാണ്. പക്ഷെ, അസൂയയും കുശുമ്പും പുലർത്തുകയും വൈരാഗ്യവും പകയും എന്നും പ്രകടിപ്പിക്കുകയും ചെയ്യുന്നവർക്ക് എങ്ങനെയാണ് തങ്ങൾ നിത്യവും പ്രാർത്ഥിക്കുന്നവർ ആണെന്ന് അവകാശപ്പെടാൻ കഴിയുക? ഒരാളുടെ വ്യക്തി ജീവിതത്തിൽ പ്രാർത്ഥനാ ജീവിതത്തെപ്പറ്റി രണ്ടാമതൊരാളുടെയോ മൂന്നാമതൊരാളുടെയോ വിധിയോ വിലയിരുത്തലോ അല്ല മാന:ദണ്ഢമായി കരുതേണ്ടത്. ഓരോരുത്തരും സ്വയം പരിശോധിച്ച് വിലയിരുത്തിക്കൊണ്ട്  അർത്ഥവത്താക്കാൻ ഉതകുന്ന തീരുമാനങ്ങളെടുക്കണം. നിരവധി പ്രാർത്ഥനാ ഭവനങ്ങളും പ്രാർത്ഥനാ മീറ്റിംഗുകളും ദിനംതോറും കൂടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട വിഷയമാണ് പ്രാർത്ഥന.

സഹമനുഷ്യരുടെ നന്മകളെ അംഗീകരിക്കുവാൻ കഴിയാത്തവനും മാന്യമായി ജീവിക്കുന്ന മറ്റു സഹോദരങ്ങളുടെ ചുമലിൽ ദുരിതവും ദു:ഖവും കൊടുത്ത് അവരെ ഉപദ്രവിക്കുന്നവനും വിശ്വാസമോ പ്രാർത്ഥനാനുഭവമോ ഉണ്ടെന്നു പറയാനാവുമോ?

E-mail:  dhruwadeepti@gmail.com
http://dhruwadeepti.blogspot.de/

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.