: Trafic Crime / അവലോകനം -
മരണവഴിയായിത്തീരുന്ന കേരളത്തിലെ പെരുവഴികൾ-
K.A.Philip.USA.
"ഏറ്റവും നിസ്സാര സൃഷ്ടിയെ കൂടി തന്നെപ്പോലെ തന്നെ സ്നേഹിക്കാൻ കഴിയുന്ന ആളിനേ സാർവ്വ ലൗകികവും സർവ്വവ്യാപിയുമായ സത്യാത്മാവിനെ മുഖാമുഖം ദർശിക്കാനാകൂ. അത് അഭിലഷിക്കുന്ന ഒരാൾക്ക് ജീവിതത്തിന്റെ യാതൊരു മണ്ഡലത്തിൽ നിന്നും വിട്ടുനിൽക്കാനാവില്ല. ഒരാൾ സ്വയം ശുദ്ധീകരിക്കുമ്പോൾ അത് സ്വന്തം ചുറ്റുപാടുകളെയും ശുദ്ധമാക്കും." -മഹാത്മാ ഗാന്ധി
ദീർഘകാലമായി കേരളത്തിലെ ജനങ്ങളെ എപ്പോഴും പിന്തുടരുന്ന ഭീകരവും സുനിശ്ചിതവുമായ മൃത്യുബോധം ഉണ്ടാക്കുന്ന ദുരന്താനുഭവങ്ങൾ ആണ് നിത്യം സഞ്ചരിക്കാൻ നാമെല്ലാം ഉപയോഗപ്പെടുത്തുന്ന കേരളത്തിലെ വഴികളും അവിടെ നിത്യേന നടക്കുന്ന വാഹന അപകടങ്ങളും, അതുമൂലം ഉണ്ടാകുന്ന മരണങ്ങളും ചൂണ്ടിക്കാണിക്കുന്നത്. മരണത്തിനപ്പുറം മറ്റൊന്നും സംഭവിക്കുകയില്ലെന്ന തീവ്വ്ര ചിന്ത, തങ്ങൾ നിത്യവും സഞ്ചരിക്കേണ്ടി വരുന്ന വഴിയിലും വാഹനത്തിലും ആയിരിക്കുമ്പോൾ ജീവിതം അവസാനിക്കുമെന്ന നിർദ്ദിഷ്ടവും വ്യക്തവുമായ തത്വശാസ്ത്രത്തിൽ അധിഷ്ടിതമാകുന്നു. മനുഷ്യരെ സംബന്ധിച്ച് സുനിശ്ചിതമായ സംഭവം മരണമാണ്, അത് സംഭവിക്കേണ്ടത് പെരുവഴിയിലെ വാഹനാപകടത്തിൽ തട്ടി ആകണമോ?
കേരളത്തിലെ ഈ ദു:സ്ഥിതിക്ക് ഒരവസാനമില്ലേയെന്നു നാമൊരൊരുത്തനും കൂടെക്കൂടെ ചിന്തിച്ചു പോകുന്നു. കേരളത്തിലെ യാത്രാസംവിധാനത്തിൽ ഒരുക്കിയിരിക്കുന്ന സൌകര്യങ്ങളിൽ അവിടെ എന്താണ്, എവിടെയാണ്, എന്തുകൊണ്ടാണ് പിഴവുണ്ടായിരിക്കുന്നതു എന്ന് തിരക്കാൻ ജനങ്ങളും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട സാമൂഹ്യക്രമങ്ങൾ നിരീക്ഷിക്കുവാൻ ഉത്തരവാദപ്പെട്ടവരും തയ്യാറായിട്ടുണ്ടോ? ശ്രദ്ധിക്കപ്പെടാത്ത നിരവധി കാര്യങ്ങളും കാരണങ്ങളും ഭീകരമായ ഈ ദുർവിധിക്ക് പിന്നിലുണ്ടെന്ന് കാണാൻ കഴിയും. എന്റെ ചെറിയ ഈ ഉദ്യമംകൊണ്ട് കേരളത്തിലെ ഗതാഗത മണ്ഡലത്തിൽ എന്തെങ്കിലും ഒരു സമൂലപരിവർത്തനം ഉണ്ടാക്കുമെന്ന ശുഭവിശ്വാസം എനിക്കില്ല. ചിലതുമാത്രം ചൂണ്ടിക്കാണിക്കുവാൻ ശ്രമിക്കുന്നു.
നമ്മുടെ രാജ്യത്ത് എല്ലാ രംഗങ്ങളിലും, പൊതുജനങ്ങളിലും സർക്കാരിലും, മാതൃകയല്ലാത്ത ക്രമക്കേടുകൾ കാണുന്നുണ്ട്. നാട്ടുവഴികളും പെരുവഴികളും നാം താമസിക്കുന്ന സ്വന്തം വീടുകൾ പോലെ പരസ്പരം വേർപെടുത്താൻ കഴിയാത്ത സജീവ ജീവിതമേഖലയാണ്. അവിടെയെല്ലാം പ്രാഥമികമായി ഒന്നാം മുൻഗണന നല്കേണ്ടത് ജീവസുരക്ഷയാണ്. ഇത് കേരളത്തിൽ ഇല്ലാത്ത കാര്യം തന്നെ. പക്ഷെ, കേരളത്തിൽ എമ്പാടും ആവശ്യമായ റോഡു നിർമ്മാണത്തിലും യാത്രാ സുരക്ഷാസംവിധാനത്തിലും ഇതുവരെ സ്വീകരിച്ചുകൊണ്ടിരിക്കുന്ന അശാസ്ത്രീയതയും അശ്രദ്ധയും ഒറ്റനോട്ടത്തിൽ ആക്ഷേപകരമാണ്.
റോഡുനിർമ്മാണത്തിലേർപ്പെടുത്തുന്ന ജോലിക്കാരുടെയും, ഇക്കാര്യത്തിൽ സർക്കാരിലെ ഉത്തരവാദപ്പെട്ട എല്ലാ ആളുകൾക്കും ഉണ്ടായിരിക്കേണ്ട സാങ്കേതികവിദ്യയുടെ അറിവിന്റെ കുറവ് വേറെയുമുണ്ട്. പ്രകടമായ പിഴവുകൾ ആണ് ഇവയെല്ലാം. റോഡ് ഗതാഗതം സുഗമമാക്കുവാൻ സർക്കാർ നിയോഗിച്ചിരിക്കുന്ന ഉത്തരവാദപ്പെട്ടവർ തന്നെ നടത്തുന്ന അഴിമതികൾ ഏറ്റവും ഉയർന്ന തലത്തിലാണ് ആരംഭിക്കുന്നത്. റോഡ് ഗതാഗതത്തിലെ സുരക്ഷാ ക്രമങ്ങളും, ജനങ്ങളിൽ പൊതുവെയും കാണപ്പെടുന്ന, അഥവാ ഓരോരുത്തനിലും സ്വയം ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്ന ഗുരുതരമായ അശ്രദ്ധയും നിഷേധഭാവത്തിലുള്ള സാമാന്യ നിയമാനുസരണ ബോധമില്ലായ്മയും പ്രകടമായ വികാരവിക്ഷോപം പൂണ്ട അഹങ്കാര ചിന്തയും പെരുവഴികളിലെ അപകടങ്ങൾക്ക് കാരണമാകുന്നു. കേരളത്തിലെ ജനങ്ങളുടെ തനിരൂപം അറിയണമെങ്കിൽ പൊതുനിരത്തിലേയ്ക്കു ചെന്ന് നോക്കിയാൽ മതിയെന്ന് സാധാരണ പറയപ്പെടുന്നതും ഇക്കാരണത്താലല്ലെ?
വാഹനങ്ങളുടെ ഉപയോഗത്തിൽ ശീലിച്ചിരിക്കേണ്ട പൊതു മര്യാദകളെ അവഗണിക്കൽ, വാഹനം ശരിയായ വിധം ഉപയോഗിക്കുന്നതിലെ അറിവ് കുറവും ഉദാസീനതയും, വാഹനം ഓടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട റോഡ് നിയമങ്ങൾ പാലിക്കുവാനുള്ള തികഞ്ഞ ഉത്തരവാദിത്വമില്ലായ്മ, വാഹന ഡ്രൈവർ ആകുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം നൽകുന്നതിൽ കാണപ്പെടുന്ന ഏറ്റവും അപകടകരമായ അജ്ഞത, വഴിനടപ്പുകാർക്കു വേണ്ടിയും കൂടാതെ സൈക്കിൾ യാത്രക്കാർക്കും പ്രത്യേകമായി റോഡുകളുടെ ഇരുവശത്തും ഉണ്ടായിരിക്കേണ്ട നടപ്പാതകളുടെ അഭാവം, എല്ലാറ്റിലും ഉപരിയായി എന്നും അനിയന്ത്രിതമായി വർദ്ധിക്കുന്ന വാഹനപ്പെരുപ്പം, ഇങ്ങനെ എണ്ണിയാൽ തീരാത്ത കാരണങ്ങൾ ഒറ്റനോട്ടത്തിൽ കാണാൻ കഴിയും. ഇവ അനേകം കാരണങ്ങളിൽ ചിലത് മാത്രമാണ്.
നമ്മുടെ യാത്രാസംവിധാനത്തിൽ കാണപ്പെടുന്ന ഭീകരദുർവിധി എന്താണ്? കേരളത്തിൽ ആയിരക്കണക്കിന് കുട്ടികളും യുവാക്കളും മുതിർന്നവരും നമ്മുടെ വഴികളിൽ വാഹന അപകടത്തിൽ മരണപ്പെടുന്നു. കുറച്ചൊരു കാലങ്ങൾ കൊണ്ട് മരണപ്പെട്ടവരുടെ സംഖ്യ പല ലക്ഷങ്ങൾ ആയിരിക്കുന്നു. യഥാർത്ഥ കണക്ക് സർക്കാരിനു പോലും അറിയില്ലയെന്നതാണ് സത്യം! ഇത് കണക്കു കൂട്ടി പ്രവചിക്കുന്നത് മാധ്യമങ്ങൾ ആണുതാനും. പത്തു വർഷം കൊണ്ട് അഞ്ചു ലക്ഷത്തിലേറെ വാഹന അപകടങ്ങളും പരിക്കേറ്റവരുടെ എണ്ണം ഏകദേശം ആറര ലക്ഷവും, ജീവൻ നമ്മുടെ പെരുവഴികളിൽ നഷ്ടപ്പെട്ട കണക്കു ഏതാണ്ട് അര ലക്ഷവും എന്ന് ഈയിടെ ഒരു മാദ്ധ്യമം എഴുതിക്കണ്ടു. ഇതുകൂടാതെ ആവശ്യമായ ചികിത്സ സഹായം ലഭിക്കാത്ത പരിക്കേറ്റവരുടെ എണ്ണം വേറെ. നമ്മുടെ പെരുവഴികളിൽ അപകടപ്പെടുന്നവരും പരിക്കേറ്റു മരണപ്പെടുന്നവരും മരണപ്പെടാതെ നിത്യദു:ഖം അനുഭവിക്കുന്നവരും എല്ലാം നമ്മുടെയൊക്കെ സഹോദരീ സഹോദരങ്ങളോ സുഹൃത്തുക്കളോ നാട്ടുകാരോ പരിചിതരൊ ഒക്കെ ആകാം.
മരണം പതിയിരിക്കുന്ന കെണിക്കുഴി |
കേരളത്തിലെ ഗതാഗത സംവിധാനത്തിൽ ഉണ്ടായിരിക്കുന്ന നിത്യപരിഹാരം കാണാത്ത നമ്മെ പിന്തുടരുന്ന തകർച്ചയും അവിടെ സംഭവിക്കുന്ന ദൈനംദിന റോഡപകടങ്ങളേക്കുറിച്ചും ജനങ്ങൾ സാവധാനം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതുപക്ഷെ ഇത്തരം ചിന്തകളും അഭിപ്രായങ്ങളും നിസ്സഹായാവസ്ഥയുടെ രോദനം പോലെ മാത്രം അവ അവസാനിക്കുന്നു. പ്രാഥമികമായി ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലതിതാണ് - കേരളത്തിൽ ഉള്ളതിലേറെ വാഹനങ്ങൾ മറ്റിതര ലോകരാജ്യങ്ങളിലെ പൊതു നിരത്തുകളിൽ ഇടമുറിയാതെ എന്നും ഓടുന്നുണ്ട്? എന്നാൽ അവിടെയെല്ലാം കേരളത്തിൽ ഉണ്ടാകുന്ന വാഹന അപകടങ്ങളെക്കാൾ വളരെ കുറഞ്ഞ തോതിൽ മാത്രമേ സംഭവിക്കുന്നുള്ളൂ?
അപ്പോൾ എന്തുകൊണ്ടാണ് കേരളത്തിൽ അവസാനിക്കാത്ത ഇത്രയേറെ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നത്? ഗ്രാമകേന്ദ്രങ്ങളിലെയും നഗരമാദ്ധ്യത്തിലെയും വാഹനത്തിരക്ക് കുറച്ചുകൊണ്ട് അപകട സാദ്ധ്യത കുറയ്ക്കുവാൻ ഒരു പരിഹാരമായിരുന്നു, കേരളത്തിൽ തലങ്ങും വിലങ്ങും ഉണ്ടാകേണ്ടിയിരുന്ന എക്സ്പ്രസ് ഹൈവേകൾ. കേരളത്തിന്റെ സമഗ്ര വളർച്ചയ്ക്ക് സഹായകരമായിരിക്കേണ്ട ഈ പദ്ധതിയെ കാലഘട്ടത്തിന്റെ ആവശ്യമായിപ്പോലും അംഗീകരിക്കാത്തവർ അവിടെ അപകടങ്ങളോ മരണങ്ങളോ കണ്ടാലും മുഖം തിരിച്ചു നടക്കും. കേരളത്തിൽ ഗതാഗതമേഖലയിൽ മാത്രമല്ല, ഇത്തരം നിരവധി വികസനകാര്യങ്ങളിൽ വൈദഗ്ധ്യമില്ലായ്മ കേരളീയർ സ്വയം പ്രഖ്യാപിക്കുന്നു.
അപ്പോൾ എന്തുകൊണ്ടാണ് കേരളത്തിൽ അവസാനിക്കാത്ത ഇത്രയേറെ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നത്? ഗ്രാമകേന്ദ്രങ്ങളിലെയും നഗരമാദ്ധ്യത്തിലെയും വാഹനത്തിരക്ക് കുറച്ചുകൊണ്ട് അപകട സാദ്ധ്യത കുറയ്ക്കുവാൻ ഒരു പരിഹാരമായിരുന്നു, കേരളത്തിൽ തലങ്ങും വിലങ്ങും ഉണ്ടാകേണ്ടിയിരുന്ന എക്സ്പ്രസ് ഹൈവേകൾ. കേരളത്തിന്റെ സമഗ്ര വളർച്ചയ്ക്ക് സഹായകരമായിരിക്കേണ്ട ഈ പദ്ധതിയെ കാലഘട്ടത്തിന്റെ ആവശ്യമായിപ്പോലും അംഗീകരിക്കാത്തവർ അവിടെ അപകടങ്ങളോ മരണങ്ങളോ കണ്ടാലും മുഖം തിരിച്ചു നടക്കും. കേരളത്തിൽ ഗതാഗതമേഖലയിൽ മാത്രമല്ല, ഇത്തരം നിരവധി വികസനകാര്യങ്ങളിൽ വൈദഗ്ധ്യമില്ലായ്മ കേരളീയർ സ്വയം പ്രഖ്യാപിക്കുന്നു.
ചിലർ പറയുന്നു, കേരളത്തിലെ വഴികളെല്ലാം വീതികുറഞ്ഞതാണ്, വഴിയിൽ വാഹനപ്പെരുപ്പം ഏറുന്നു, നിയമത്തെ വെല്ലുവിളിക്കുന്ന അതിവേഗതയാണ്. ഇവയൊക്കെ വാഹനാപകടങ്ങൾക്കുള്ള കാരണങ്ങളെന്ന് എളുപ്പത്തിൽ പറഞ്ഞവസാനിപ്പിക്കാവുന്ന ഉത്തരമാണ്. ഇവയൊക്കെ ശരി തന്നെയെന്നു കാണാം. പക്ഷെ, അത് മാത്രമല്ല, അടിസ്ഥാനകാരണങ്ങൾ വേറെ പലതുണ്ട്. വാഹനപ്പെരുപ്പം ഏറിയാലും വഴികൾക്ക് വീതികുറഞ്ഞാലും, നിത്യം ഒരു അപകടം ഉണ്ടാവണമെന്നില്ല. വാഹനം ഓടിക്കുന്നയാൾ ശ്രദ്ധയോടെ തന്നെ പെരുവഴികളിൽ വാഹനം ഓടിക്കേണ്ട നിയമങ്ങൾ പാലിക്കണം. മികച്ച ഡ്രൈവിംഗ് പരിശീലനവും വാഹനത്തിന്റെ സാങ്കേതിക കൃത്യതകൾ അറിഞ്ഞിരിക്കുകയും ആവശ്യമായ വാഹന പരിശോധനകൾ ക്രമമായി ചെയ്തിരിക്കയും വേണം.
വാഹനങ്ങൾ കുറവായിരുന്ന, നവീന സാങ്കേതിക വിദ്യയിൽ നിർമ്മിക്കാത്ത വഴികളും ക്രമമായ ഗതാഗത നിയമങ്ങളും കൂടുതലേറെ സാധാരണക്കാരന് വാഹനങ്ങളും ഇല്ലാതിരുന്ന ഒരു കഴിഞ്ഞകാലം ഉണ്ടായിരുന്നു. കാലം മാറി. ഇന്ന് വാഹനങ്ങളുടെ ഘടനയിലും രൂപത്തിലും ഉപയോഗരീതികളിലും എണ്ണത്തിലും മാറ്റങ്ങൾ ഉണ്ടായി. വളരെ ഏറെ വേഗതയിൽ ചീറിപ്പാഞ്ഞു പോകുന്നതും ഏറെ അപകടങ്ങൾ ഉണ്ടാക്കുന്നതുമായ ടിപ്പർ ലോറികൾ, വലിയ യാത്രാ ബസ്സുകൾ, ചെറുതും വലുതുമായതും സ്പീഡ് കുറഞ്ഞതും കൂടിയതും എന്നിങ്ങനെ പലതരത്തിൽ പ്പെടുന്ന വാഹനങ്ങൾ കേരളത്തിലെ റോഡുകൾ തിങ്ങി നിറഞ്ഞു ഓടിക്കൊണ്ടിരിക്കുന്നു. ഇവിടെ ക്രമപ്പെടുത്തേണ്ട വേഗതപരിധിക്ക് വേണ്ടി ടിപ്പറുകൾ, ബസ്സുകൾ മറ്റു ലോറികൾ എന്നീ ക്രാഫ്റ്റ് വാഹനങ്ങൾക്ക് ഇരുവരിപ്പാതയാണെങ്കിൽ ഏറ്റവും വലത്തെ ട്രാക്കിൽ മാത്രമേ ഓടിക്കുവാൻ അനുവാദം നൽകാവൂ. പക്ഷെ, അതനുസരിച്ച് കേരളത്തിലെ റോഡ്-വാഹന ഉപയോഗ നിയമങ്ങളിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാവാത്തതിൽ കുറ്റകരമായ അനാസ്ഥയാണ് കാണുന്നത്.
റോഡ് ഗതാഗത സൗകര്യങ്ങൾ അപകടരഹിതവും സുരക്ഷിതവുമായ വിധത്തിൽ ആധുനിക റോഡുകൾ വികസിപ്പിച്ചെടുക്കുവാൻ ശാസ്ത്രീയ സാങ്കേതിക സഹായങ്ങൾ കേരളത്തിനു ഏറ്റവും അനിവാര്യമാണ്. കേരളത്തിന്റെ പൊതു സാമ്പത്തിക ബജറ്റിൽ പെടുത്തിയിരിക്കുന്ന തുക റോഡു അറ്റകുറ്റപ്പണികൾക്ക് തീർത്തും അപര്യാപ്തമാണെന്ന് പറയുന്നതിലും തക്ക ന്യായം ഇല്ല. അപ്പഴപ്പോൾ അനുവദിക്കപ്പെടുന്ന തുക വേണ്ടവിധം ഉപയോഗിക്കാതെ അഴിമതിയിൽ റോഡുകൾ മുഴുവൻ പൊട്ടിപ്പൊളിഞ്ഞു ഒഴുകിപ്പോകുന്നു.
കേരളത്തിൽ ആധുനികരീതിയിൽ നിർമ്മിച്ചിരിക്കുന്ന റോഡുകൾ ഉണ്ടാകണം. അതുപോലെതന്നെ ജനങ്ങൾ സ്വന്തം ജീവനെ സുരക്ഷിതമാക്കിയ യാത്ര ചെയ്യുവാൻ ബോധവാന്മാരാകണം. കേരളത്തിൽ മോട്ടോർ ബൈക്ക്കൾ ഓടിക്കുമ്പോൾ ഉണ്ടായിട്ടുള്ള അപകട മരണങ്ങൾ കൂടുന്നു. മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ടു മരിക്കുന്നവരിൽ ഏറെയും ചെറുപ്പക്കാരും സ്ത്രീകളും ആണെന്ന് നാം അറിയുന്നുണ്ട്. വാഹനം ഓടിക്കുന്നവർ മറ്റുള്ളവരുടെ ജീവനിൽക്കൂടി ബോധപൂർവമായ ഉത്തരവാദിത്തം ഉള്ളവരായിരിക്കണം. തന്റെ കൂടെ യാത്രചെയ്യുന്നയാളിന്റെ ജീവൻ തന്റെ കയ്യിൽ സുരക്ഷിതമാണെന്ന ഉറച്ച ബോധ്യം മോട്ടോർ സൈക്കിൾ ഓടിക്കുന്നവരിൽ എപ്പോഴും ഉണ്ടായിരിക്കണം. അതുപോലെതന്നെ മറ്റു വാഹനങ്ങളുടെ കാര്യത്തിലും ഈ അവബോധം ഉണ്ടാകാത്തത് അപകടങ്ങൾക്ക് കാരണങ്ങൾ ആയിത്തീരുന്നു. കേരളീയരുടെ തനിസ്വഭാവം പൂർണ്ണമായി വെളിപ്പെടുത്തുന്ന വേദിയാണ് പൊതുവഴികൾ. "സ്ട്രീറ്റ് റൌഡികൾ" എന്ന ഒരുക്കൂട്ടം ചെറുപ്പക്കാർ ഇക്കാലത്ത് കേരളത്തിൽ ഏറെയാണ്. നിരത്തും വാഹനങ്ങളും ഒരാളുടെ സാഹസിക പ്രവർത്തികൾ ചെയ്യുന്നതിനുള്ള വേദിയാകരുത് എന്ന് വാഹനം ഓടിക്കുന്നവർ എല്ലാവരും മനസ്സിലാക്കണം. റോഡുനിയമങ്ങൾ ലംഘിച്ച് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ കുറ്റകൃത്യങ്ങൾക്ക് അതി കർശനമായ ശിക്ഷാ നടപടികൾ ഉണ്ടാകണം.
ദൃശ്യം-അപകടം ഉണ്ടാക്കുന്ന ഫ്ലക്സ്ബോർഡുകൾ, നടുറോഡിൽ കാൽനടപ്പുകാർ |
അതുപക്ഷെ കേരളത്തിലെ റോഡുനിയമങ്ങൾ നടപ്പിലാക്കാൻ ഒരു ശതമാനം പോലും അധികാരികൾ ശ്രദ്ധിക്കുന്നില്ലയെന്ന ദു:ഖസത്യം നമുക്കറിയാം. വാഹന അപകടങ്ങളുണ്ടായാൽ അതേപ്പറ്റി റിപ്പോർട്ട് തയ്യാറാക്കുന്ന ഉദ്യോഗസ്ഥരെ അവിഹിതമായി സ്വാധീനിച്ച് കേസ് വഴിതിരിച്ചു വിടുന്നതിനു രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്ന സംഭവങ്ങൾ എവിടെയും കാണുന്നു. വാഹനാപകടത്തിൽ അനേകംപേർ മരണപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്താൽപ്പോലും തക്ക അടിയന്തിര സഹായങ്ങളോ അപകട അന്വേഷണ നടപടികളോ ചെയ്യുന്നതിൽപോലും ഉത്തരവാദപ്പെട്ടവർ കുറ്റകരമായ അനാസ്ഥ കാണിക്കുന്നുണ്ട്. കേരളത്തിലെ ആശുപത്രികളിൽ ആരോഗ്യ സംരക്ഷകരുടെ അശ്രദ്ധകാരണം മരണപ്പെടുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലായി നമ്മുടെ നാട്ടിലെ പെരുവഴികളിൽ മരണപ്പെടുന്നുണ്ടെന്നു പറയാനാവില്ലെങ്കിലും ഏതാണ്ട് അതിനടുത്ത എണ്ണം വഴിഅപകടത്തിൽ മരണപ്പെടുന്നുണ്ടെന്നു നമക്ക് മനസ്സിലാക്കാൻ കഴിയും.
വാഹന അപകടങ്ങളും മരണങ്ങളും കുറയ്ക്കുവാനും യാത്രാസൗകര്യങ്ങൾ സുരക്ഷിതമാക്കുന്നതിനും എന്തെല്ലാമാണ് ചെയ്യുവാൻ കഴിയുക? ആദ്യപടിയായിത്തന്നെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയിൽ മേന്മയേറിയ റോഡുകൾ രാജ്യത്തുണ്ടാകണം. അതിനുവേണ്ടി സർക്കാർ, വകുപ്പ്മന്ത്രിമാർ, ഉദ്യോഗസ്ഥന്മാർ, തൊഴിലാളികൾ, റോഡുഗതാഗത സൌകര്യങ്ങളിൽ ഉണ്ടായിരിക്കേണ്ട ആധുനികതയെ അറിഞ്ഞിരിക്കണം. ഇത് പറയുമ്പോൾ ഒരു വസ്തുത കൂടി ഇവിടെ ചേർത്തു പറയാനുണ്ട്. റോഡുഗതാഗതത്തെക്കുറിച്ച് കേരളത്തിലെ ഗതാഗതമന്ത്രിമാർ നിത്യവും ആവർത്തിച്ചു പ്രസംഗിക്കുന്ന വളരെ പ്രധാനപ്പെട്ട വിവരക്കേട് ഇവിടെ പറയട്ടെ, "നമ്മുടെ രാജ്യത്തെ ട്രാൻസ്പോർട്ട് ബസ്സുകൾ മുഴുവൻ നഷ്ടത്തിലാണ് ഓടുന്നത്"! കയ്യിൽ കിട്ടേണ്ട പണത്തിന്റെ വരവു കണക്കു മാത്രം കൂട്ടിക്കിഴിക്കുകയാണ് മന്ത്രി ചെയ്യുന്നത്. അല്ലാതെ നമ്മുടെ റോഡുകൾ നല്ലതല്ലാ എന്ന് മന്ത്രി പറയുന്നുമില്ലാ, അപകടങ്ങളോ അപകടമരണങ്ങളോ മന്ത്രിയുടെ കണക്കുബുക്കിൽ ഇല്ലതാനും.
വകുപ്പ് മന്ത്രിക്കു അതുമാത്രം അറിഞ്ഞാൽ മതിയെന്ന വിവരദോഷമാണ് നമ്മുടെ ഗതാഗത മന്ത്രിക്കുമുള്ളത്. നിയോഗപ്പെടുത്തുന്ന ഏത് ജോലികളും കൃത്യമായും കാര്യക്ഷമമായും നിർവഹിക്കുന്നുണ്ടോ, രാജ്യത്ത് നിർമ്മിക്കുന്ന ഗ്രാമ-നഗരങ്ങളിലെ റോഡുകളെല്ലാം രാജ്യാന്തര നിലവാരത്തിലുള്ളതാണോ, ഓരോ റോഡുകളും സുരക്ഷാനിയമത്തിനും ജനസഞ്ചാരത്തിനും യോഗ്യമായ തരത്തിലുള്ളതാണോ എന്നൊക്കെ വിശദമായി അറിയാനും മനസ്സിലാക്കാനും, കോണ്‍ട്രാക്ടർക്ക് പണം നീട്ടി എറിയുന്ന കേരള സർക്കാരിനും അതിനായി നിയോഗിക്കപ്പെടുന്ന ഉത്തരവാദപ്പെട്ടവർക്കും താല്പ്പര്യം ഇല്ലാ. ആധുനിക പണി ആയുധങ്ങളും വേണം, വിദഗ്ധ പരിശീലനമുള്ള തൊഴിലാളികളെയും നിയമിക്കണം. ആഴ്ചയിൽ ആഴ്ചയിൽ സർക്കാർ ഖജനാവു പണം കൊണ്ട് വിദേശ രാജ്യങ്ങളിൽ എന്തിനോവേണ്ടി സഞ്ചരിക്കുന്ന നമ്മുടെ മന്ത്രിമാരും മറ്റു ജനപ്രതിനിധികളും പ്രാഥമികമായി മനസ്സിലാക്കേണ്ടത്, തങ്ങളുടെയും സ്വന്തം രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാന ഘടകം രാജ്യത്തെ റോഡുകൾ തന്നെ ആണെന്നായിരിക്കണം. അതുപോലെതന്നെ അവർ അറിയണം, കേരളത്തിലെ റോഡുകളിൽ സഞ്ചരിക്കുന്നവരെല്ലാം കേരളീയർ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. അപ്പോൾ നമ്മുടെ റോഡുകളെല്ലാം മേന്മയുള്ള അന്താരാഷ്ട്ര നിലവാരത്തിൽ പ്രാധാന്യം നല്കി നിർമ്മിച്ചിരിക്കണം എന്ന തിരിച്ചറിവു രാജ്യം ഭരിക്കാൻ ജനങ്ങൾ ചുമതലപ്പെടുത്തിയിരിക്കുന്ന മന്ത്രിക്കുണ്ടായിരിക്കണം. അപ്പോൾ നമ്മുടെ കേരളത്തിലെ പെരുവഴികൾക്കു ലഭിച്ച "മരണവഴികൾ" എന്ന പേര്ദോഷം അല്പ്പമെങ്കിലും ഒന്ന് മാറിക്കിട്ടുമായിരുന്നു.
റോഡുകൾ നിർമ്മിക്കുമ്പോൾത്തന്നെ പാലിച്ചിരിക്കേണ്ട എല്ലാവിധത്തിലും ഉള്ള സഞ്ചാര സുരക്ഷാ സൌകര്യങ്ങളും ചേർത്ത് വേണം നിർമ്മിക്കേണ്ടത്. അതായത്, ഏതു തരത്തിലുള്ള വാഹനങ്ങൾക്കും, അതിലെ യാത്രക്കാർക്കും, കാൽനടയാത്രക്കാർക്കുള്ള പ്രത്യേക ചെറു സൈഡ്റോഡുകൾ, ഇടവേള വിശ്രമ പാർക്ക്സ്ഥലങ്ങൾ എന്നിവ ഉണ്ടായിരിക്കണം. പ്രത്യേകിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും കാൽനടയാത്രക്കാർക്ക് റോഡുകൾ കുറുകെ നടന്നു പോകുവാൻ തക്കവണ്ണം ആവശ്യമായിരിക്കുന്ന "സീബ്രാലൈനുകൾ" കൊടുത്ത് റോഡുകൾ നിർമ്മിക്കണം. റോഡു സിഗ്നൽ ലാമ്പുകൾ വഴി നീളെ സ്ഥാപിച്ചും, ഏതെല്ലാം ദിക്കുകളിലേയ്ക്കാണ് ഒരോരോ റോഡുകളിലൂടെ കടന്നു പോകാൻ കഴിയുക, എന്നു വ്യക്തമായി എഴുതിയിട്ടുള്ള ബോർഡുകളും വാഹന വേഗത പരിധിക്ക് കർശനമായി ചൂണ്ടിക്കാണിക്കുന്ന ബോർഡുകളും വ്യക്തമായി കാണത്തക്ക വിധത്തിൽ സ്ഥാപിച്ചിരിക്കണം. സീബ്രാലൈനിൽ നടന്നുപോകാൻ ആളുകൾ കാത്തു നിൽക്കുന്നുവെങ്കിൽ ആൾ നടന്നുപോയശേഷം മാത്രമേ വാഹനം ഓടിച്ചു മുന്നോട്ടു നീക്കാവു.
അതിവേഗതയും, മദ്യപാനം നടത്തിയ ശേഷമുള്ള വാഹനം ഓടിക്കലും വളരെ കർശനമായി നിയന്ത്രിക്കണം. കടുത്ത ശിക്ഷാ നടപടികൾ ഉടനടി നല്കുകയും വേണ്ടിയിരിക്കുന്നു. നിയമം ലംഘിക്കുന്നവരുടെ ഡ്രൈവേഴ്സ് ലൈസൻസ് ഉടൻ റദ്ദാക്കാനുള്ള നിയമം ഉണ്ടായിരിക്കണം. ഇപ്പോൾ നിലവിലുള്ള എല്ലാ നിയമങ്ങളും പരിധി വിട്ടു പഴകിയതാണ്. വാഹന നിയമങ്ങൾ പുതിയതായി പരിഷ്കരിക്കേണ്ടാതാണ്. നിയമ നിഷേധം നടത്തി കുറ്റവാളികൾ മുഴുവൻ രക്ഷപെടുന്നത് രാഷ്ട്രീയ ഇടപെടലിലും കോഴകൊടുക്കലിലും വാങ്ങലിലും നിന്നാണ്.
റോഡുകൾ നിർമ്മിക്കുമ്പോൾ പ്രാഥമികമായിത്തന്നെ ചെയ്യേണ്ടിയിരി ക്കുന്ന സൌകര്യങ്ങളാണ് ആദ്യമേതന്നെ നിർമ്മിക്കേണ്ടത്. റോഡിനു ഇരുവശത്തും കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പോകാനുള്ള കോണ്‍ക്രീറ്റ് വഴികൾ. അത് പ്രധാന വഴിയിൽ നിന്നും ഏതാണ്ട് ഒരു മീറ്റർ കഴിഞ്ഞു അപ്പുറത്തും അതുപോലെ എതിര് വശത്തും ഒന്നര രണ്ടു മീറ്റർ വീതിയിൽ നടപ്പുവഴി നിർമ്മിച്ചിരിക്കണം. നിലവിൽ അഴുക്കുചാലുകൾ കാണപ്പെടുന്നത് തീർത്തും അശാസ്ത്രീയമാണ്.
കേരളത്തിലെ ഹൈടെക് റോഡു നന്നാക്കൽ ജോലി.? |
വഴിവക്കിൽ തുറന്നകിടക്കുന്ന ഓടകൾ, മരണക്കുഴികളായി രൂപപ്പെടുന്നുണ്ട്. ഓടകൾ നിർമ്മിക്കുന്നതിനു റോഡിനടിയിൽ വലിയ കുഴൽചാനലുകൾ ഇറക്കി കുഴിച്ചിട്ടു, ആവിടെ റോഡു പണിക്കിടയിൽത്തന്നെ നിർമ്മിച്ചിരിക്കെണ്ടതുണ്ട്. കാൽനടയാത്രക്കാർക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന നടപ്പാതയിൽ യാതൊരു വിധ കാരണത്താലും വാഹനങ്ങൾ പ്രവേശിക്കാതെ റോഡ് നിരപ്പിൽ നിന്നും ഉയർന്നു നിർമ്മിക്കണം. നിയമം നിഷേധിക്കുന്നത് കുറ്റകരവുമാണ് എന്ന് നിയമാനുശാസനം ഉണ്ടാകണം.
വേഗതപരിധി പരിശോധന നടത്തുവാൻ ട്രാഫിക്ക് പോലീസുകാർ വഴികളിൽ ട്രാഫിക് സിഗ്നലുകൾ, റഡാർ, ക്യാമറാ തുടങ്ങിയ ഉപകരണങ്ങൾ സ്ഥാപിച്ചു ഗതാഗത നിരീക്ഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. വാഹനം ഓടിക്കുന്ന ഡ്രൈവർമാർ മദ്യപാനം കഴിക്കുന്നതിലൂടെ അമിത വേഗതയും വഴിയിൽ അപകടങ്ങളും ഉണ്ടാക്കുന്നതിനു കാരണക്കാരാകും. ഇങ്ങനെയുള്ളവരെ ഉടനെ വാഹന പരിശോധന നടത്തുന്ന ഉത്തരവാദപ്പെട്ട ട്രാഫിക് ഉദ്യോഗസ്ഥർ മദ്യപാന പരിശോധനകൾ നടത്തണം. നിയമാനുസരണം കുറ്റക്കാരുടെ ഡ്രൈവേഴ്സ് ലൈസൻസ് തത്സമയം ക്യാൻസൽ ചെയ്യുക, അവശ്യം വന്നാൽ പോലീസ് സഹായം പോലും തേടാം. വാഹനം ഓടിക്കുന്നതിനുള്ള താൽക്കാലിക നിരോധനം, തുക പിഴയടക്കൽ തുടങ്ങിയ ശിക്ഷകൾ അപ്പോൾ തന്നെ കർശനമായി നൽകിയിരിക്കേണ്ടതാണ്. എന്നാൽ ഇങ്ങനെയുള്ള കുറ്റങ്ങളിൽ കർശനമായ നടപടികൾക്ക് നിയമം ശക്തമാകണം.
ഏഴു മലയാളികൾ ഡിണ്ടിഗലിൽ വാഹന അപകടത്തിൽ മരണപ്പെട്ടു. |
ഒരു വാഹന അപകടം കാരണമാക്കി മനുഷ്യരെ കൊല്ലുന്നതും മറ്റു ചില കാരണങ്ങളാൽ മനുഷ്യർ കൊല്ലപ്പെടുന്നതും, ആശുപത്രികളിൽ പലപ്പോഴും അശ്രദ്ധമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന പൊടുംന്നെനെയുള്ള മരണങ്ങളും തമ്മിൽ എന്ത് വ്യത്യസ്തതയിരിക്കുന്നു? കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജീവരക്ഷയുടെ കാര്യത്തിൽ അടിയന്തിര സഹായം വേണ്ടിയ രോഗികൾ ആദ്യമേ അവിടെ പണമടയ്ക്കാതെ ഡോക്ടറുടെയോ നഴ്സിന്റെയൊ സഹായം പ്രതീക്ഷിക്കേണ്ട.! ഒരു മനുഷ്യായുസ്സിന്റെ ഭാഗ്യമുണ്ടെങ്കിൽ ആ രോഗിയുടെ ജീവൻ രക്ഷപെടും എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആശുപത്രികൾ അഴിമതിയുടെയും പിടിച്ചുപറിക്കാരുടെയും കേന്ദ്രമായിരിക്കുന്നു. സ്വന്തം വീടും പറമ്പും കൂടി വിറ്റാൽ കിട്ടുന്ന പണം ചികിത്സയ്ക്കായി കൊടുക്കേണ്ട ദുർഗതിയാണ് ഇപ്പോൾ കേരളത്തിൽ നിലവിൽ ഉള്ളത്. ജീവനെ വച്ചു വിലപറയുന്ന കഴുകന്മാർ! ആശുപത്രികളുടെ മനുഷ്യസേവനമുഖം വികൃതമാണ്. ഇങ്ങനെയുള്ള അടിയന്തിര കാര്യങ്ങൾ വിദേശരാജ്യങ്ങളായ അമേരിക്കയിലും ജപ്പാനിലും യൂറോപ്പിയൻ യൂണിയൻ രാജ്യങ്ങളിലുമെല്ലാം സർക്കാർ കൃത്യതയോടെ നിരീക്ഷണം നടത്തപ്പെടുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ, ഓരോ സാഹചര്യങ്ങളിൽ അനേകം വാഹനങ്ങൾ കൂട്ടമായി ഹൈവേകളിൽ, പലപ്പോഴും വലിയ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അവിടെയെല്ലാം ഏറ്റവും കഴിയുന്ന വേഗം സുരക്ഷാസംവിധാനങ്ങൾ അടിയന്തിരമായി ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് മരിക്കുന്നവരുടെ സംഖ്യ കുറവാണ്. അവിടെ ആരും നിന്റെ പേഴ്സിൽ പണമുണ്ടോയെന്നു ചോദിക്കുന്നില്ല, ജീവൻ നിലനിർത്തുകയാണ് ആദ്യലക്ഷ്യം.
അപകടം ഉണ്ടാക്കിയ ശേഷം ഓടിരക്ഷപെട്ടു നടക്കുന്ന നിരവധി കുറ്റവാളികൾ നമ്മുടെ പെരുവഴികളിൽ ഉണ്ട്. അവരെ കണ്ടുപിടിച്ചു ശിക്ഷിക്കണം. വാഹന അപകടത്തിൽ എത്ര പേർ കൊല്ലപ്പെട്ടാലും ഒരു വാഹന അപകടപരിധിയിൽ പെടുത്തി കുറ്റക്കാർ രക്ഷപെടുന്ന രീതിയാണ് കേരളത്തിലുള്ളത്. ഇവിടെയാണ് നിയമം ശക്തമാകണമെന്ന ആവശ്യം ശക്തമാകുന്നതും.
അപകടം ഉണ്ടാക്കിയ ശേഷം ഓടിരക്ഷപെട്ടു നടക്കുന്ന നിരവധി കുറ്റവാളികൾ നമ്മുടെ പെരുവഴികളിൽ ഉണ്ട്. അവരെ കണ്ടുപിടിച്ചു ശിക്ഷിക്കണം. വാഹന അപകടത്തിൽ എത്ര പേർ കൊല്ലപ്പെട്ടാലും ഒരു വാഹന അപകടപരിധിയിൽ പെടുത്തി കുറ്റക്കാർ രക്ഷപെടുന്ന രീതിയാണ് കേരളത്തിലുള്ളത്. ഇവിടെയാണ് നിയമം ശക്തമാകണമെന്ന ആവശ്യം ശക്തമാകുന്നതും.
വളരെപ്പേർ റോഡരുകിൽ, സീബ്രാലൈനിൽ വഴി കുറുകെ കടക്കുവാൻ കാത്തു നോക്കിനിന്നാൽപോലും, കാൽനടയാത്രക്കാരന് മുൻഗണന നല്കേണ്ട റോഡിൽ ഒന്നും വകവയ്ക്കാതെ നിറുത്താതെ മുന്നോട്ടു ഓടിച്ചുപോയി സീബ്രാലൈനിൽ വാഹനമിടിപ്പിച്ചും, ലക്കും ലഗാനും ഇല്ലാതെ മദ്യപാനം കഴിഞ്ഞു സർക്കാർ ബസ്സുകൾ ഓടിക്കുന്ന കെ. എസ്. ആർ .ടി .സി ബസ്സ് ഡ്രൈവർമാരും മറ്റ് വാഹനഡ്രൈവർമാരും കേരളത്തിൽ നിരവധിയാണ്. കുറ്റങ്ങൾ കാണിക്കുന്ന ഇവരെ സർക്കാരും സംഘടനകളും കൂടിയാണ് സംരക്ഷിക്കുക. അതല്ലെങ്കിൽ അവർ കോഴകൊടുത്ത് രക്ഷപെടും. അഴിമതിക്ക് ബോർഡ് വച്ചു നിരത്തിൽ വാഹനം ഓടിക്കുന്ന വഴിപ്പിശാശുക്കൾ വേറെയും ഉണ്ട്, കേരളത്തിൽ!
കേരളത്തിലെ റോഡുകളിൽ കുറുകെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവർ ജീവൻ ആദ്യം പണയം തന്നെ വയ്ക്കണം എന്നാണു പൊതുവെ പറയുന്നത്. എത്രയോ ആളുകൾ വഴികൾ കുറുകെ കടക്കുവാൻ വൻനഗര മദ്ധ്യത്തിൽ കാത്തുനിന്നാലും കാൽനട യാത്രക്കാരുടെ ആവശ്യങ്ങളെ കാണാൻ വാഹനം ഓടിക്കുന്നവർ ഒട്ടും തന്നെ തയ്യാറാവുന്നില്ല. വലിയ നാൽക്കവലകളിലും ജനത്തിരക്കേറിയ മറ്റുള്ള റോഡുകളിലും ട്രാഫിക് സിഗ്നലുകളും പോലീസ് നിരീക്ഷണവും നടക്കുന്ന ഇവിടെയെല്ലാമാണ് ഇത്തരം ദുർവിധി സാധാരണയായി ഉണ്ടാകുന്നതെന്നു ജനങ്ങൾ പരാതി പറയുന്നു.
കുറുകെ കടന്നാൽ നിമിഷനേരം മതി നാം പേരില്ലാത്ത "ശവം" ആയിത്തീരും. അങ്ങനെ സംഭവിച്ചാൽ ആർക്ക് പോയി! സാംസ്കാരിക രാജ്യങ്ങളിൽ എല്ലാം കാൽനടക്കാർക്കു മുൻഗണന, അതുകഴിഞ്ഞേ ഏതു വാഹനവും മുന്നോട്ടു പോകൂ. ഈ നിയമം ലംഘിച്ചാൽ മുന്നോട്ടുകടന്ന വാഹനത്തിനെതിരെ മറ്റു പിറകെയെത്തുന്ന വാഹനയാത്രക്കാർ പോലും ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുന്നതുമാണ്. ഈ രാജ്യങ്ങളിൽ നിയമം നിയമത്തിന്റെ വഴിയെ പോകുമെന്നർത്ഥം. നാൽക്കവലകളിൽ പാലിക്കേണ്ട നിയമങ്ങൾ നമ്മുടെ ഡ്രൈവർമാർ പ്രത്യേകം അറിയണം. എവിടെ വച്ചു അപകടമുണ്ടായാലും നിയമപരമായി കാരണക്കാരൻ തന്നെ ഉടനെ പോലീസിൽ അപകട വിവരം അറിയിച്ചിരിക്കണം എന്ന് നിയമം അനുശാസിക്കുന്നു.
കൊച്ചിയിലെ വാഹനത്തിരക്ക് ദൃശ്യം |
വാഹന അപകടങ്ങളിൽ കുട്ടികൾ അകപ്പെടാതിരിക്കുവാൻ അമേരിക്കാ, തുടങ്ങിയ രാജ്യങ്ങളിലെ സ്കൂളുകളുടെ പരിസരത്തു പ്രത്യേക സുരക്ഷാ ജോലിക്കാരെ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യം കാര്യങ്ങളുണ്ടായാൽ ട്രാഫിക്ക് വേഗതയിൽ നിയന്ത്രണം നല്കാൻവരെ അവർക്കധികാരമുണ്ട്. ഇപ്രകാരമുള്ള കാര്യങ്ങളിൽ സ്കൂൾ അധികൃതർ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുന്നതിനാൽ കുട്ടികൾ ഏറെ അപകടപ്പെടുന്നില്ല. കേരളത്തിലെ പല സ്ഥലത്തും സ്കൂൾ കോംബൗണ്ടുകളിലും തൊട്ട പരിസര റോഡുകളിലും വാഹന അപകടത്തിൽ പെട്ട് എത്രയോ സ്കൂൾ കുട്ടികൾ മരണപ്പെടുന്നുണ്ട്? ഇത് പറയുമ്പോൾ ഇക്കാര്യംകൂടി ഇവിടെ കുറിക്കേണ്ടതുണ്ട്. കുട്ടികളെ പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ, മുൻസീറ്റിൽ ഇരുത്തി വാഹനം ഓടിക്കുന്നത് കുട്ടികളുടെ സുരക്ഷയെയാണ് ബാധിക്കുന്നത്. ഇങ്ങനെയുണ്ടായാൽ വാഹനം ഓടിക്കുന്നയാൾ കുറ്റക്കാരനാകും.
അതുപോലെ റോഡ്‌ഗതാഗതത്തിൽ സംഭവിക്കുന്ന മറ്റൊരു വലിയ ദു:സ്ഥിതി ഇതാണ്. റോഡുകളുടെ ഇരു വശങ്ങളിലും ഓടകളുടെ അറ്റകുറ്റപ്പണികൾക്കോ, അതുപോലെ, ജലവിതരണത്തിനും ഇലക്ട്രിസിറ്റി ലൈനുകൾക്കും, മാത്രമല്ല ടെലഫോണ്‍കേബിളിനും എന്നിവയ്ക്കെല്ലാമെന്നു പറഞ്ഞു ഒരിക്കലും മൂടാത്ത കുഴികൾ ഉണ്ടാക്കിയിടുന്ന ഇത്തരം വകുപ്പ് ഉദ്യോഗസ്ഥരുടെ അശ്രദ്ധവും ഉത്തരവാദിത്വ രഹിതവുമായ പണികളിൽ ഒട്ടും പൂർത്തീകരിക്കാത്ത കെണി കുഴികൾ, കാൽനട യാത്രക്കാരെയും വാഹനങ്ങളെയും വാഹനയാത്രയെയും അപകടത്തിലാക്കുന്നു. ഇവയൊന്നും നിത്യവും അതിസൂപ്പർ വേഗതയിൽ എല്ലാ ഉന്നത അവകാശങ്ങളും കയ്യിൽ പിടിച്ചോടുന്ന വകുപ്പ്മന്ത്രിതാരങ്ങളോ, ജനപ്രധിനിധികളോ തുടങ്ങിയവർ ആരെങ്കിലും ഇത് അറിയുന്നുണ്ടോ? അവർക്ക് ജനജീവൻ രണ്ടാം കാര്യമാണ്, കേരളത്തിൽ.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കിയെടുക്കാൻ വേണ്ടി കോടികൾ തുക സർക്കാർ അനുവദിക്കും. കാൽഭാഗം തുകയെങ്കിലും അവയ്ക്കായി ഉപയോഗിക്കാതെ മന്ത്രിമുതൽ താഴേയ്ക്കുള്ള കാര്യക്കാർ വീതിച്ചെടുക്കും. കയ്യിൽ കിട്ടിയ തുകയിൽ അല്പ്പംമാത്രം റോഡിൽ ഒഴിക്കുന്ന കൊടുംക്രൂരതയുടെ കാര്യം ഇക്കാലത്തും ഭൂതം പോലെ കേരളത്തിൽ നടക്കുന്നു. റോഡിൽ നടത്തേണ്ട പണി നടത്താതെ, ഇങ്ങനെ നടത്തി കാര്യം ഒതുക്കി, പണിക്കു കൊണ്ടുവന്ന സിമന്റും മെറ്റലും ടാറും, മണലും കരിഞ്ചന്തയിൽ മറിച്ചു വിറ്റ് അടുത്ത പണിസ്ഥലം ലക്ഷ്യമാക്കി പണി വാഹനം ഉരുളും, അടുത്ത പുതിയ വരുമാന കണക്കുകൂട്ടലുകളുമായി. അടുത്ത വേനൽമഴവരെ ഒരുക്കിയിട്ട വഴി അപ്പോഴും തിളങ്ങും. വീണ്ടും അതേ പെരുവഴികളിൽത്തന്നെ അപകടം പതിയിരിക്കുന്ന നടുറോഡിലെ പൊട്ടിയിളകിയ പുതിയ കെണിക്കുഴികൾ പുതിയ പുതിയ മരണവഴികളായി അടുത്ത പെരുമഴയിൽ രൂപപ്പെടും. അവിടെ പൊടുംന്നെനെ ആരുടെയൊക്കെയോ സുനിശ്ചിതമായ അവസാനമാണ് ഉണ്ടാകുന്നത്, ആ പെരുവഴികൾ ജീവൻ വെടിയുന്ന മരണവഴികളായിത്തീരുന്നു.
E-mail: dhruwadeepti@gmail.com
http://dhruwadeepti.blogspot.de/