അഡോൾഫ് ഹിറ്റ്ലർ |
ദശലക്ഷമോ ദശദശലക്ഷമോ? എത്ര ലക്ഷ ങ്ങള്‍
നാസിപ്പടയുടെ നരവംശ ഹത്യയ്‌ക്കിരയായി? അവരില്‍ യഹൂദരുണ്ട്,
കമ്മ്യൂണിസ്‌റ്റുകളും സോഷ്യല്‍ ഡമോക്രാറ്റുകളുമുണ്ട്. പുരോഹിതരും
തത്വചിന്തകരുമുണ്ട്. ചിന്തകര്‍, അനേകം എഴുത്തുകാര്‍, പ്രഭാഷകര്‍, ജർമൻകാർ, വിദേശീയർ, സ്‌ത്രീകൾ, കുഞ്ഞുങ്ങള്‍, രോഗികള്‍, ആസന്നമരണര്‍,
സ്വവര്‍ഗരതിക്കാര്‍, ഹിജഡകള്‍, ഇവരെല്ലാം. ഹിറ്റ്‌ലറെ നാവുകൊണ്ടല്ല മനസുകൊണ്ട്
എതിര്‍ത്തവര്‍പോലും ഭയാനകമായ ആ ഇരുട്ടറകളില്‍ ഇല്ലാതായി. രാജ്യവും
ശക്‌തിയും മഹത്വവും ഹിറ്റ്‌ലര്‍ക്കു മാത്രമായി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാതകത്തിന് വഴിമരുന്നിട്ട ഹിറ്റ്‌ലറുടെ ഈ
ഭ്രാന്തന്‍ ആശയത്തിന്റെ ഫലമായി ആദ്യത്തെ കോണ്‍സെൻട്രേഷൻ ക്യാമ്പ് തുറന്നത് 1933 ഫെബ്രുവരി
28- നായിരുന്നു. ലോകമാകെ കടുത്ത ദാരിദ്ര്യവും സാമ്പത്തിക മാന്ദ്യവും കൊടികുത്തിയ കാലം.
അന്നാണ് ജര്‍മനിയുടെ ഭരണകൂടത്തിനെതിരേ ഉരിയാടുകയോ നെറ്റി ചുളിക്കുകയോ
ചെയ്യുന്നവരെ കൈകാര്യം ചെയ്യാന്‍ ജർമ്മനിയിലൊട്ടാകെ സർക്കാർവക കോണ്‍സന്‍ട്രേഷന്‍ ലാഗറുകള്‍ (തടങ്കല്‍ ക്യാമ്പുകള്‍) തുറക്കുമെന്ന്
ഹിറ്റ്‌ലര്‍ പ്രഖ്യാപിച്ചത്. ഭരണാധികാരിയുടെ തിട്ടൂരങ്ങളെ എതിർത്ത നിത്യശത്രുക്കളെ ഇല്ലായ്‌മ ചെയ്യാൻ സര്‍ക്കാര്‍ തുറന്ന
ക്യാമ്പു കളില്‍ രാപ്പകല്‍ ധീരദേശാഭിമാനികള്‍ പീഡനവിധേയരായി. കൊടിയ ക്രൂര മര്‍ദനങ്ങളുടെയും അവരുടെ ഒടുവിലത്തെ ഏറ്റവും അതിസാഹസികമായ ചെറുത്തു നില്‍പിന്റെയും ദുരന്ത വിഭ്രാന്തരംഗങ്ങള്‍ ഭൂതകാലത്തിന്റെ പ്രേതങ്ങളായി ഇന്നും നിലനില്‍ക്കുന്ന ഓരോതടങ്കല്‍ പാളയങ്ങളിലെ ചുവര്‍ ചിത്രങ്ങളിൽ പതിഞ്ഞിരിക്കുന്നതു ചരിത്ര സത്യങ്ങളുടെ
നിഴലുകളാണ്.
ജർമ്മനിയുടെ തെക്കു കിഴക്കുള്ള മനോഹര
സംസ്‌ഥാനമായ ബവേറിയയെ ജർമ്മനിയിൽ 'ബയണ്‍' എന്നും വിളിക്കുന്നു. മ്യൂണിക്
നഗരമാണു തലസ്‌ഥാനം. അവിടെനിന്ന് 22 കി. മീ. വടക്കുപടിഞ്ഞാറു മാറിയ
കേന്ദ്രമാണ്
ഡാഹൗ നഗരം. ജർമൻ കമ്യൂണല്‍ പദവിയനുസരിച്ച് ഗ്രോസെ 'ക്രൈസ്‌റ്റഡ്' (ഉയർന്ന പദവിയുള്ള ജില്ലാ മേഖല) എന്നു വിളിക്കുന്നു. ആൽപ്സ് മല നിരകളിലെ കുളിർമ്മ നിറഞ്ഞ നീര്‍ത്തുള്ളികള്‍ ഒഴുകിയെത്തുന്ന അംബര്‍ നദി ലയിച്ചുചേരുന്നത് ഡാഹൗവിലെ അംബര്‍ തടാകത്തിലാണ്. ഇതിന് അംബര്‍ നദിയെന്ന പേരു ലഭിച്ചു. ചെറുപ്പത്തിൽ ഹിറ്റ്ലറെ ഏറെ ആകർഷിച്ചിരുന്ന അംബര്‍നദിയുടെ
കരയിലിരിക്കുന്ന ഡാഹൗ നഗരത്തെ തന്റെ എതിരാളികളുടെ ശവപ്പറമ്പാക്കി മാറ്റി.
ക്രൂരതയുടെ നിത്യസ്‌മാരകവേദിയില്‍-
നാവുകൾ വരണ്ടുണങ്ങിയ, ശവത്തിന്റെ ഗന്ധമുള്ള, വിളറിവെളുത്ത് മൃത തുല്യരായി
'യഹൂദന്‍' എന്നെഴുതിയ ബോർഡുകൾ കഴുത്തിൽ കെട്ടിത്തൂക്കി അപമാനിതരായി അതിഭീകരതയുടെ നര ബലിവസ്തുക്കളെപ്പോലെയാണ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക്
തടവുകാരെ കൊണ്ടുവന്നത്. നടന്നു നടന്നു നീങ്ങിനീങ്ങി ഇല്ലാതായിത്തീർന്ന ആയിരങ്ങളുടെ ആത്മക്കൾക്കായി ഹൃദയങ്ങളിൽ കരുതി വച്ചിരുന്ന
പൂജാപുഷ്പങ്ങൾ അർപ്പിക്കാൻ മാത്രം സന്ദർശകർ ഇന്നും ഒഴുകുന്നു. തടവുകാരില്ലാത്ത വിശാലമുറ്റത്ത് അവരുടെ നെടുവീർപ്പുകൾ അലയടിക്കുന്ന അവർക്കായി മാത്രമുള്ള സ്മരണാവേദി യിലാണ് നാം ചെല്ലുക. അവിടെ എത്തുന്ന ആരിലും അന്യതാബോധം അനഭവപ്പെടില്ല. അവിടേയ്ക്ക് ഞങ്ങളും വന്നെത്തി.
കോൺസെൻട്രേഷൻ ക്യാമ്പിലേക്കുള്ള റെയിൽപ്പാളം-പ്ലാറ്റ്‌ഫോറം |
റെയിലിന്റെ രഹസ്യം
സന്ദര്‍ശകരുടെ വാഹനങ്ങളെല്ലാം കോണ്‍സെന്‍ട്രേഷന്‍ ലാഗറിന് (ക്യാമ്പ്)തൊട്ടടുത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററിനടുത്തു നിര്‍മിച്ചിട്ടുള്ള വലിയ കാര്‍പാര്‍ക്കിലെത്തും. പാര്‍ക്ക് ചെയ്യാന്‍ നിശ്‌ചിത സമയത്തേക്ക്
നിശ്‌ചിത ഫീസ് അവിടെ സ്‌ഥാപിച്ചിരിക്കുന്ന പാര്‍ക്കിംഗ് ഓട്ടോമാറ്റിലിട്ടാല്‍ അതില്‍ നിന്നും പാര്‍ക്ക് കാര്‍ഡ് ലഭിക്കും. നല്ല തെളിഞ്ഞ ആകാശം. വേനല്‍ക്കാലം കഴിഞ്ഞ് കടന്നു വരുന്ന നല്ല ഇളംകാറ്റ്. കുറച്ചകലെ, പഴയ റെയില്‍പാളവും പ്ലാറ്റ്‌ഫോറത്തിന്റെ അവശിഷ്‌ടവും കാണുന്നു.
വരുന്നവര്‍ വരുന്നവരെല്ലാം അവിടെനിന്ന് ഫോട്ടോയെടുക്കുന്നു. ഹിറ്റ്ലറുടെ നാസി പട്ടാളം
തടവുകാരെ ട്രെയിനുകളുടെ ബോഗികളിലടച്ച് കൊണ്ടുവന്ന് ഈ
പ്ലാറ്റ്‌ഫോറത്തിലാണ് ഇറക്കിയത്. അവരെ അവിടെ സ്വീകരിച്ചത് ഹിറ്റലറുടെ
ആരാച്ചാരന്മാര്‍ ആയിരുന്നു.
തീര്‍ഥാടനകേന്ദ്രമല്ല-
ഡാഹൗവും ഔഷ്‌വിറ്റ്‌സും പോലെയുള്ള ജര്‍മനിയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും കോണ്‍സെന്‍ട്രേഷന്‍ ലാഗറുകള്‍" കെ. ഇസഡ്. "എന്നു നാസികൾ ചുരുക്കിപ്പറയുന്നു) തീര്‍ഥാടനകേന്ദ്രങ്ങളല്ല. തടവുകാരായിട്ട് പിടിക്കപ്പെട്ടവരെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ശേഖരിച്ചശേഷം അവരെ ലോറിയിൽ കയറ്റി അടുത്തുള്ള കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കു മാറ്റും. അതല്ലെങ്കിൽ അപ്പോൾത്തന്നെ ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കും. ഓരോ ക്യാമ്പും വൈദ്യുതി പ്രവഹിക്കുന്ന മുള്ളുകമ്പിവേലികൾ കൊണ്ട്
അടച്ചിരുന്നു. ഓരോ സ്‌ഥലത്തും "ഷോ" വിചാരണ നടപടികൾ ചെയ്‌ത് അവരെ കൊന്നുകളഞ്ഞു .
അവിടെയെല്ലാം എരിഞ്ഞുതീർന്നത് സാധാരണ മനുഷ്യരാണ്. ''മരണത്തിന്റെ
ഭയാനകമായ നിമിഷങ്ങളിലേക്കാണ് തങ്ങള്‍ കടന്നുപോകുന്നതെന്ന്
തടവു കാരാക്കപ്പെട്ട കുട്ടികളോ സ്‌ത്രീകളോ മറ്റ് പുരുഷന്മാരോ
വിചാരിച്ചിരുന്നില്ല.
ആദ്യത്തെ തടങ്കല്‍ കേന്ദ്രം
ആദ്യത്തെ തടങ്കല്‍ കേന്ദ്രം-ഡാഹൌ, ജർമനി |
ആദ്യത്തെ കോണ്‍സെൻട്രേഷൻ ക്യാമ്പ് - ഡാഹൌ, ജർമ്മനി . |
1933 മാര്‍ച്ച് 20. ഹിറ്റ്‌ലര്‍ ഒരു അടിയന്തര നിര്‍ദേശം നൽകി. ഡാഹൗ മാർക്ക റ്റിൽ നിന്നും അധികം അകലെയല്ലാതെ സ്‌ഥാപിച്ചിരുന്ന, ഒന്നാം
ലോക മഹായുദ്ധകാലത്ത് രാജകുടുംബം ഉപയോഗിച്ചിരുന്ന യുദ്ധോപകരണ നിര്‍മ്മാണശാല
തടവുകാരെ അടച്ചിടാനുള്ള താവളമാക്കണം. അന്ന് മ്യൂണിക് നഗരത്തിലെ പോലീസ് മേധാവിയായിരുന്ന ഹൈന്റിഷ് ഹിംലര്‍
ആയിരുന്നു ഉദ്‌ഘാടനം നിർവഹിച്ചത്. ജർമ്മനിയിലെ ആദ്യത്തെ മാതൃകാ
കോണ്‍സെന്‍ട്രേഷന്‍ ലാഗര്‍ ആയിരുന്നു അത്. ഉദ്‌ഘാടനം നടന്ന് രണ്ടാം ദിവസം മുതൽ അഡോൾഫ് ഹിറ്റ്‌ലറുടെ എതിരാളികളെ അറസ്‌റ്റ് ചെയ്‌ത് തടവുകാരാക്കി അവിടേക്ക് കൊണ്ടുവന്നു. അവരുടെ കുടുംബാംഗങ്ങളും തടവുകാരായി.
ആർബൈറ്റ് മാഹ്റ്റ് ഫ്രൈ -
കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെത്തിയ ആരും സ്വാതന്ത്ര്യം എന്താണെന്ന്
അറിഞ്ഞില്ല. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനു ചുറ്റും നിര്‍മ്മിച്ചിരിക്കുന്ന
ഇലക്‌ട്രിക് മുള്ളുകമ്പിവേലിയും ഇരുമ്പു നിര്‍മിത കവാടവും ആരെയും
ആകര്‍ഷിക്കും. "ആർബൈറ്റ് മാഹ്റ്റ് ഫ്രൈ" എന്ന് ഇരുമ്പു നിർമിത അക്ഷരങ്ങളിൽ എഴുതിയ 'നാസി പരോള്‍' ആ ഗേറ്റിൽ ചേർത്തു വച്ചു പിടിപ്പിച്ചിരിക്കുന്നു. അതിനർത്ഥം "വർക്ക് മേക്സ് വൺ ഫ്രീ" എന്നാണ്. നാസി കമാന്‍ഡര്‍ റുഡോള്‍ഫ് ഹെസ് ആയിരുന്നു ഈ ആശയം അന്ന് ആദ്യം
നടപ്പാക്കിയത്. 'ഔഷ്‌വിറ്റ്‌സ്കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു ആദ്യ തുടക്കം. തുടർന്ന് എല്ലായിടത്തും നടപ്പില്‍ വരുത്തി. 1947ലെ ന്യൂയെന്‍ബര്‍ഗ് യുദ്ധവിചാരണ കോടതി റുഡോൾഫ് ഹെസിനെ
യുദ്ധകുറ്റവാളിയായി വധ ശിക്ഷയ്‌ക്കു വിധിച്ചു.
"ആര്‍ബൈറ്റ് മാഹ്റ്റ് ഫ്രെ" എന്ന പദപ്രയോഗത്തിന്റെ ഉറവിടം 1849- ലെ "നോയസ് റെപ്രെട്ടോറിയും ഫ്യൂര്‍ ദി തിയോളോഗിഷേ സ്‌റ്റാറ്റിറ്റിക്" എന്ന മാസികയില്‍ നിന്നാണ്. അതില്‍ അന്ന് പ്രസിദ്ധീകരിച്ച "സുവിശേഷവും അടിസ്‌ഥാനതത്വവും" എന്ന ലേഖനത്തിലെ വാചകം ആയിരുന്നു അത്. 'റുഡോള്‍ഫ് ഹെസ് ഉള്‍പ്പെടെ പലരും പിന്നീടതിനെ തെറ്റായി വ്യാഖ്യാനിച്ച് ഉപയോഗിച്ചു. ഈ ഭ്രാന്തന്‍ പദപ്രയോഗം ഒടുവില്‍ മനുഷ്യജീവനെ ആളിക്കത്തുന്ന തീച്ചൂളകളുടെ ഇരയാക്കിത്തീര്‍ത്തു.
ക്രെമാടോറിയം ഡാഹൌ |
ക്രൂരതയുടെ പ്രമാണങ്ങള്‍
കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാരാക്കപ്പെടുന്നവര്‍ക്ക്
തല മുടിയും വേഷവിധാനങ്ങളും മാത്രമല്ല സ്വന്തം പേരും നഷ്‌ടപ്പെട്ടു. പകരം
ഓരോരുത്തര്‍ക്കും ഓരോ നമ്പര്‍ മാത്രം നല്‍കി. അപ്പോൾ മുതൽ തടവിൽ അവന്‍ ഒരു വെറും നമ്പർ മാത്രമായിത്തീർന്നു. തടവുപുള്ളികള്‍ അവർക്ക് കിട്ടുന്ന നമ്പർ പറയാൻ അറിഞ്ഞിരിക്കണം.
വിദേശ തടവുകാർക്ക് ഇത് ബുദ്ധിമുട്ടായിരുന്നു. ജർമൻ ഭാഷ പറയാനോ പാടാനോ ഒട്ടുമേ അറിയില്ലാത്തവർക്ക് ക്രൂരപീഡനം മാത്രമാണ് ലഭിച്ചത്. ജർമ്മനിക്ക് വെളിയിലെ തടവു കേന്ദ്രങ്ങളില്‍ പോളണ്ട്, ലറ്റ്‌ലാന്‍ഡ്, എസ്‌റ്റ് ലാന്‍ഡ്, ഗ്രീസ് എന്നിങ്ങനെ എവിടെയും എല്ലായിടത്തും അതി ക്രൂരമായി തടവുകാര്‍ പീഡിക്കപ്പെട്ടു. 1933നും 45നും ഇടയ്‌ക്ക് ഡാഹൌവിൽ തന്നെ രണ്ടുലക്ഷത്തിലേറെ തടവുകാര്‍ പീഡിക്കപ്പെട്ടു.
മിക്കവാറും എല്ലാ കേന്ദ്രങ്ങളും സ്‌ത്രീ- പുരുഷ തട വുകാരെ വേര്‍തിരിച്ച് പാര്‍പ്പിച്ചു. കുട്ടികള്‍ക്കായി വേറെയും കേന്ദ്രങ്ങള്‍ ഉണ്ടായി. നിര്‍ബന്ധിത ജോലി ചെയ്യിപ്പിച്ചു. അവശരായി പതിനായിര ങ്ങള്‍ കുഴഞ്ഞു വീണു മരിച്ചു. മുപ്പതിനായിരം പേര്‍ മരണപ്പെട്ടുവെന്നാണ് നാസി കണക്ക്. ഈ മരണങ്ങളുടെയും ക്രൂര പീഡനങ്ങളുടെയും യഥാ ർത്ഥ കണക്കുകൾ ലോകം ഇന്നും അറിഞ്ഞിട്ടില്ല. ജർമ്മനിയിലും പുറത്തുമായി ഉണ്ടായിരുന്ന 1200 കോണ്‍സെന്‍ട്രേഷന്‍
ലാഗറുകളില്‍ പീഡനവും കൊലപാതകവും നിത്യസംഭവമായി. ജനങ്ങളെ മൃഗതുല്യരായിട്ട് നാസികള്‍ കണ്ടു. തടവിലാക്ക പ്പെട്ടവരുടെ തലമുണ്ഡനം ചെയ്‌തു. കുട്ടികളെയും
മുതിര്‍ന്നവരെയും അംഗവൈകല്യമുള്ളവരെയും അന്ന് എലികളെപ്പോലെ മെഡിക്കൽ ഗവേഷണ പരീക്ഷണങ്ങൾക്കുപയോഗിച്ച്, ഒടുവിൽ വധിച്ചു.
തടവുകാരുടെ കുളിമുറികൾ മരണമുറിയായിരുന്നു. കുളിമുറികളിലേക്ക് നഗ്നരായി
കയറിയവര്‍ ടാപ്പുകളിലൂടെ വരേണ്ട വെള്ളത്തിനു പകരം വിഷ വാതകം-
സെന്‍ഫ്‌ഗ്യാസ്- ശ്വസിച്ച് മരിച്ചുവീണു. അവരുടെ ജഡങ്ങളെല്ലാം ലോറികളില്‍
അപ്രത്യക്ഷമാവുകയോ അടുത്തുള്ള പ്ലാൻ ചെയ്തുനിർമ്മിച്ച ക്രമറ്റോറിയത്തില്‍ചാമ്പലായിത്തീരുകയോ ചെയ്‌തു.
1933 മാര്‍ച്ച് 13. ഹിറ്റ്‌ലര്‍ ഓസ്‌ട്രിയായെ തന്റെ അധീനതയിലാക്കിയ നാൾ മുതല്‍ ഡാഹൗവിലേക്ക് വിദേശ തടവുകാരുടെ ഒഴുക്കു വർദ്ധിച്ചു തുടങ്ങി. 1938ല്‍ ഒക്ടോബർ ഒന്പതിനു 10911 ജർമൻ യഹൂദരെ ഡാഹൗവിൽ ഉള്ള കോൺസെൻട്രേഷൻ ക്യാമ്പ് തടവിലാക്കി. ഇതിനിടയിൽതന്നെ സോവ്യറ്റ് യൂണിയന്‍, പോളണ്ട്, ചെക്കോസ്ലവാക്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെയെല്ലാം തടങ്കലിൽ അടച്ചു. ഹിറ്റ്ലറിൻറെ 1933-45 കാലയളവില്‍ രണ്ടുലക്ഷത്തിലാറായിരം തടവുകാര്‍ ഡാഹൗവിലെത്തി. കണക്കുപ്രകാരം നാല്‍പതിനായിരം പേര്‍ അവിടെ അപ്പോൾ വധിക്കപ്പെട്ടതായി നാസികള്‍ രേഖപ്പെടുത്തി.
ചിത്രം -ഡാഹൌവിലെ പീഡനോപകരണം |
"ഡാഹൗ" എല്ലാ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെയും ഭീകരതയുടെ
പ്രഥമ മാതൃകയായിരുന്നു. 1933 ജൂണ്‍ 26ന് സ്‌ഥാനമൊഴിഞ്ഞ നാസി കമാന്‍ഡര്‍ വേക്കര്‍ലെ അന്ന് തടവുകാരുടെ മേല്‍ യാതൊരു കരുണയും നല്‍കാത്ത 'സഹിഷ്‌ണുത' യുടെ
നിയമം നടപ്പാക്കി. ഡാഹൗ കേന്ദ്രത്തെ "സ്‌കൂള്‍ ഓഫ് ക്രൈം" എന്നാക്കി
മാറ്റി.
'സഹിഷ്‌ണുത', 'ബലഹീനത' യെന്നതായിരുന്നു വേക്കര്‍ലെയുടെ സിദ്ധാന്തം. ബുദ്ധിശാലികള്‍- ചിന്തകരും എഴുത്തുകാരും, മതരാഷ്‌ട്രീയ നേതൃത്വങ്ങളും തന്റെ സ്‌കൂള്‍ ഓഫ് ക്രൈമില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു. 2700 കത്തോലിക്കാ പുരോഹിതരെ ബ്ലോക്ക് നമ്പര്‍ 26-ല്‍ അടച്ചു. നാസികളുടെ ഭാഷയില്‍ "മൂല്യമില്ലാത്ത ജീവന്‍"- ദൈവമില്ലാത്ത ലോകത്തേക്ക് അവരെ അയച്ചു. പക്ഷേ, ദൈവം മാത്രം മതിയെന്ന് ഉറക്കെപ്പറഞ്ഞ ധീരനും മറ്റു തടവുകാര്‍ക്ക് മാതൃകയുമായിരുന്ന പ്രസിദ്ധനായ ഫാ. ജോര്‍ജ് ഹേഫ്‌നറും മറ്റുള്ള സഹജീവികളെപ്പോലെ അന്ന് തടവറയിലായി.
ജര്‍മന്‍ ജനത മുഴുവന്‍ കുറ്റവാളികള്‍ ആണോ ?
ജര്‍മന്‍ജനത മുഴുവന്‍ യഹൂദ വിരോധികളോ നാസികളോ ആയിരുന്നോ? ജർമൻ ജനത ലോകത്തിൽ വെറുക്കപ്പെട്ടവരാണോ?ഒറ്റവാക്കിൽ "അല്ലാ"എന്ന് ഉത്തരം പറയാം!
യുദ്ധത്തടവുകാരെ അമേരിക്കൻ പട്ടാളം മോചിപ്പിക്കുന്നു. |
'അഡോള്‍ഫ് ഹിറ്റ്‌ലര്‍' എന്നയാൾ കറുത്ത മുടിയുള്ള യഹൂദവംശ ജനായ ഓസ്‌ട്രിയന്‍
പൗരനാണ്, ജർമൻ ജനത യെ ഒരു നൂറ്റാണ്ടിന്റെ നുണയുടെ ഇര യാക്കി മാറ്റിയത്. ജർമൻ വംശം സ്വര്‍ ണ്ണ നിറമുള്ള മുടിയുള്ള വെളുത്ത വർഗമായിരിക്കണം- "ആര്യവംശം"-
എന്ന് തെറ്റിദ്ധരിപ്പിച്ചത് ജർമൻകാരല്ല. ലോക മഹായുദ്ധവും അന്നത്തെ യഹൂദ വിരോധവും ഇന്നലെകളില്‍ പെയ്‌തിറങ്ങിയ മഞ്ഞായിരുന്നു.
ജർമൻ ജനതയെ നമുക്കു ലോകമെങ്ങും കാണാം. യൂറോപ്യന്‍ യൂണിയന്‍ സംസ്‌കാരം ജർമൻ ജനതയുടെ അഭിമാനമാണ്. ലോക സമാധാനത്തിനുള്ള ശക്‌തമായ കൈകള്‍ യൂറോപ്യന്‍ യൂണിയന്‍ എന്ന ആശയമാണ്. ലോകത്തിനു മുന്നില്‍ ഇതിന്റെ വലിയ ആവശ്യവും പ്രസക്‌തിയും അവതരിപ്പിച്ചത് ജര്‍മനിയാണ്. സമാധാന നൊബേല്‍ ലഭിച്ച യൂറോപ്യന്‍ യൂണിയന്റെ വിജയ പശ്‌ചാത്തലം ഈ വസ്‌തുതകളെ ശരിവയ്‌ക്കുന്നു. നാം കാണുന്ന യഥാർത്ഥ വസ്‌തുതയാണിത്.- ചരിത്രം നമ്മെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഈ വലിയ തിരിച്ചറിവ് ജനതകളുടെ മുന്‍വിധിയകറ്റാനും പുതിയൊരു ആധുനിക യുഗത്തെ ദര്‍ശിക്കാനുള്ള ശക്‌തിയും വഴിയും കാണിച്ചുതരുന്നു.
ലേഖകൻ ജോർജ് കുറ്റിക്കാട്ട് ഡാഹൗവിലെ കോണ്‍സെൻട്രേഷൻ ക്യാമ്പിനു മുൻപിൽ |
1945 ഏപ്രില്‍ 29-ന് ഡാഹൗ കേന്ദ്രത്തിലെ തടവുകാരെ അമേരിക്കന്‍ പട്ടാളം മോചിപ്പിച്ചതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഡാഹൗ കോണ്‍സെന്‍ട്രേഷന്‍ ലാഗറിനെ മ്യൂസിയമായി ലോകത്തിനു കാഴ്‌ചവച്ചു. ഇവിടെ നമുക്കിന്ന് സ്വതന്ത്രമായി, പ്രവേശനാനുമതി മുൻകൂർ വാങ്ങാതെ സന്ദർശിക്കാം. എല്ലാ തിങ്കളാഴ്‌ചയും ഡിസംബര്‍ 14-നു മാത്രം മ്യൂസിയം അടഞ്ഞു കിടക്കും. ബവേറിയ സംസ്‌ഥാന സാംസ്‌കാരിക വകുപ്പിന്റെ മേല്‍നോട്ടത്തിലാണിത്.
ഡാഹൗ കോണ്‍സെന്‍ട്രേഷന്‍ ലാഗര്‍, നൂറ്റാണ്ടിന്റെ ചോരക്കറയുണങ്ങാത്ത
ഡാഹൗവിന്റെ മണ്ണില്‍ ഹിറ്റ്‌ലര്‍ റജിമെന്റിന്റെ ക്രൂരതയുടെ ജീവിക്കുന്ന
പ്രതീകംപോലെ ജനമനസില്‍ തെളിഞ്ഞുനില്‍ക്കും. //-
(03.03.2013 published in "Sunday Mangalam") -Mangalam Daily Kottayam
----------------------------------------------------------------------------
Browse and share: dhruwadeepti.blogspot.com
ഈ ഈബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻ
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors.
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.