ഞാനിവിടെ കുറിക്കുന്ന അഭിപ്രായങ്ങൾ ചിലരെങ്കിലും ശരിവയ്ക്കും. ചില വ്യക്തികൾ എതിർക്കും, എങ്കിലും നഗ്‌നസത്യത്തിനു മീതെ പറക്കുന്നവരും ഉണ്ടാകാം.
P. I. O. യും, O. C. I യും -
കുറെ വർഷങ്ങൾക്ക് മുമ്പ് വേറൊരു മലയാളി രാഷ്ട്രീയക്കാരൻ ഇന്ത്യൻ വിദേശകാര്യ മന്ത്രിയായപ്പോൾ ഇന്ത്യക്ക് പുറത്തുപോയി ജോലിചെയ്യുന്ന പ്രവാസികൾക്ക് ഒരൽപം പദവി കൂട്ടിക്കൊടുത്തു. അതിങ്ങനെ: ഒന്നല്ല, രണ്ടെണ്ണം. ആദ്യത്തേത് ഒരു വിദേശപൗരനായിത്തീർന്ന ഒരു ഭാരതീയന് "PERSON OF INDIAN ORIGIN"(P I O) എന്ന അംഗീകാരം നൽകി ആദരിച്ചു. കുറെ കാലങ്ങൾ കഴിഞ്ഞപ്പോഴാണ് അധികാരികൾക്ക് തോന്നിയത്, ഇതത്രയും ലാഭകരമല്ല. കുറഞ്ഞ ഡിഗ്രിയാണ്. കുറെ ഉയർന്ന വിലയുള്ള സ്റ്റാമ്പിനുള്ള കാശ് വാങ്ങിക്കൊണ്ട് " ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ " എന്നൊരു പരമോന്നത പദവി ഒരു കുറവും കൂടാതെ P I O യ്ക്ക് പകരം കൊടുക്കാൻ സർക്കാർ കൽപ്പന പുറപ്പെടുവിച്ചു എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ പ്രവാസികൾ ഒരു ഊരാക്കുടുക്കിൽപ്പെട്ടിരിക്കയാണൊയെന്ന് ഇപ്പോഴത്തെ പുതുക്കിയ പൗരത്വ ഭേദഗതി നിയമപരിഷ്‌ക്കാരം നിലവിൽ വന്നാൽ അവ അറിഞ്ഞു തുടങ്ങും. പ്രവാസികൾ ഒരു വലിയ കുടുക്കിൽ പെട്ട് നിൽക്കുകയായിരുന്നു. P I O എന്ന ഐഡന്റിറ്റി മാറ്റിയെടുത്തവർക്ക് പത്തുപതിനയ്യായിരം രൂപയും ചെലവായി. അത് ഇനി ഒ . സി. ഐ. സ്റ്റാറ്റസ് ("ഓവർസീസ് സിറ്റിസൺസ് ഓഫ് ഇൻഡ്യ"യിലേക്ക് മാറ്റംവരുത്താൻ വീണ്ടും ഒരു നല്ല തുക സർക്കാരിന് സ്തോസ്ത്രകാഴ്ചയായും നൽകണം. അടുത്തത്, ഒരാളുടെ പാസ്‌പ്പോർട്ട് കാലാവധിയുടെ സമയപരിധി തീരുമ്പോൾ വീണ്ടും പുതുക്കുന്നതിനായിട്ട് വീണ്ടുമൊരു സ്റ്റാമ്പൊട്ടിക്കാൻ വീണ്ടും ഒരു വമ്പൻ തുക നൽകണം. സർക്കാരിന് ഇന്ത്യൻ പൗരനുവേണ്ടി ഇന്ത്യയിൽ തൊഴിൽ നൽകാനായി കഴിഞ്ഞില്ല. ഒരു തൊഴിൽ സമ്പാദിച്ചു ജീവിക്കാൻ ഒരു മാർഗ്ഗം തേടി അന്യദിക്കിൽ പോയി ഒരു ജോലി തുടങ്ങിയെന്ന ഒരൊറ്റ കുറ്റമേ ഒരു ഇന്ത്യൻ പൗരനായ ഒരു പ്രവാസി ചെയ്ത വലിയ കുറ്റം. അപ്പോൾ സർക്കാരിനും, ഓരോ രാഷ്ട്രീയക്കാർക്കും എന്ത് ലഭിച്ചു? അവർക്കു ഓരോ പ്രവാസിയുടെ ഇന്ത്യയിലുള്ള സേവിംഗ്‌സ് ബാങ്ക് ഇൻവെസ്റ്റ്‌മെന്റ് ഒരു സദ്യയ്ക്ക് ആദ്യം ഉപ്പുവിളമ്പുന്ന മുറയുടെ പ്രാധാന്യവുമുണ്ടായി, അതിന്റെ പ്രയോജനവും. ഇന്ത്യക്ക് വെളിയിൽ 180 ദിവസത്തിനു മേൽ താമസിക്കുന്ന ഒരു ഇന്ത്യൻ പൗരനെ ഇന്ത്യാ ഗവണ്മെന്റ് "പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ "എന്ന സർവ്വ നാമത്തിൽ വിളിക്കുന്നു. അതിന് ഇന്ത്യൻ സർക്കാരും വിദേശസർക്കാരും ഇതേക്കുറിച്ചു നിർവചനങ്ങൾ നൽകുന്നു. യഥാർത്ഥത്തിൽ പി. ഐ. ഓ. സ്റ്റാറ്റസ് എന്താണ്? പതിനഞ്ചു വർഷത്തേയ്ക്ക് ഇന്ത്യ സന്ദർശിക്കാനുള്ള ഒരു വിസ എന്ന് മാത്രമേ അർത്ഥമാക്കുന്നുള്ളൂ. പി. ഐ. ഓ. സ്റ്റാറ്റസ് ഇപ്പോൾ "ഒ. സി. ഐ" എന്ന് മാറ്റിയെഴുതി. ഭാരതത്തിലെ സർക്കാരിന്റെ ജനവിരുദ്ധ നയം തന്നെ. എന്താണ് ഓ.സി.ഐ.(ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) എന്ന പദം അർത്ഥമാക്കുന്നത്?
പുക നിറഞ്ഞ പത്തായം പോലെ.
പ്രവാസിമലയാളി തൊഴിൽ സ്ഥലത്തു കൃത്യത കാണിക്കും. നിത്യ ചെലവ് ചുരുക്കി ജീവിക്കാനായാണ് അവരുടെ ഉന്നം. നിത്യോപയോഗസാധങ്ങൾ ചെലവ് കുറഞ്ഞത് നോക്കി വാങ്ങാനും ശ്രമിക്കും. അവർ മിച്ചം സേവിംഗ്സ് മാതൃരാജ്യ ബാങ്കുകളിലേക്ക് നിക്ഷേപിച്ചു അവരുടെ ഭാവി സ്വപ്‌നങ്ങൾ നിറവേറാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ കേരളീയർ- ചക്കയും കപ്പയും അരിയാഹാരവും എല്ലാം കഴിക്കും. ഇറച്ചിയും മീനും വില എന്തായാലും കൊടുത്തു വാങ്ങും. ചായക്കടകളിലെങ്കിൽ കാപ്പിയും ചായയും നോൺ വെജിറ്റേറിയനും വെജിറ്റേറിയനും എല്ലാം കിട്ടും. ഏതുമാകട്ടെ കൊറോണ ലോക്ക് ഡൗൺ കാലത്തും ലഭിക്കും. സർക്കാർ പൊതുവ്യാപനം, സമ്പർക്കം ഇവയ്ക്ക് നിയന്ത്രണം വരുത്തി- ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ ഇവയെല്ലാം അടച്ചപ്പോഴും ജനത്തിന് പിരിമുറുക്കം വന്നത് ആൽക്കഹോൾ നിയന്ത്രണം വന്നപ്പോഴാണ്. സർക്കാർ അത് നോക്കിക്കണ്ടു. കേരളത്തിൽ, കള്ളും, ചാരായവും, സ്വദേശി- വിദേശി മദ്യങ്ങൾ വിവിധ ഇനങ്ങളിൽ നൽകാൻ ഉത്തരവ്- സർക്കാരിന് "അങ്കവും കാണാം താളിയുമൊടിക്കാം" എന്ന ചൊല്ലുപോലെ സർക്കാരിന് ഖജനാവിലേയ്ക്ക് പണമൊഴുക്കും ഉണ്ട്. കേരളത്തിൽ ഓണത്തിന് മദ്യത്തിന് തന്നെ മുടിച്ചതു ലോക റിക്കാർഡുകൾ ഭേദിച്ച തുകയാണ് എന്ന് ലോകപ്രസിദ്ധമാണ്. ഇക്കാര്യം ലോകമാകെയുള്ള വാർത്താമാദ്ധ്യമങ്ങൾ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയതാണ്. ഇതൊക്കെ ഇങ്ങനെയൊക്കെ പറഞ്ഞാൽ കേരളീയനെയാകെ മുഖത്തുനോക്കി ആകെ അവഹേളിക്കുന്ന സത്യവാഗ്മൂലമാണെന്ന് പറഞ്ഞു എല്ലാവരും കൂടിചേർന്ന് പ്രതിഷേധിക്കും. എന്തായാലും കേരളീയർക്കുണ്ടെന്നു പറയുന്ന സ്വാഭിമാനം പുക നിറഞ്ഞ പത്തായം പോലെയാണ്. ഓരോ പ്രവാസിയും ഏറെയൊന്നും അറിയുന്നില്ല. എനിക്കറിയാം. എനിക്ക് മാത്രമല്ല, ഭാവിയുടെ സാമൂഹിക ഉത്തരവാദിത്വമുള്ള സാമാന്യ സമാധാനജീവിതം സ്വപ്നം കാണുന്ന ലക്ഷോപ ലക്ഷം ജനങ്ങളും ഇവയൊക്കെ ശരിവയ്ക്കുമെന്നുറപ്പാണ്. പ്രവാസികൾ അവരുടെ കർത്തവ്യം നിർവഹിക്കുന്നുണ്ട്. ഇവരാണ് നമ്മുടെ ഭാവിയുടെ, രാജ്യത്തിന്റെ തുടിക്കുന്ന ഹൃദയം. അതുപക്ഷേ ഇവരുടെ മുമ്പിലുള്ളത് നിരവധിയേറെ വെല്ലുവിളികളാണ്. അതെപ്രകാരം? ഗുണ്ടകളും കള്ളന്മാരും ഭൂമാഫിയകളും കള്ളക്കടത്തുകാരും കള്ളരാഷ്ട്രീയക്കാരും നിറഞ്ഞ കേരളസമൂഹത്തിലെ കടുത്ത വെല്ലുവിളികളാണ് ഇവയിൽ ചിലതെങ്കിലും..
കേരളീയരിലുണ്ടായിരുന്ന പരസ്പര വിശ്വാസം, സാമൂഹികനീതി സംസ്കാരം, സാമൂഹികസുരക്ഷിതത്വം ഇവയ്ക്കെല്ലാം വലിയ മുറിവ് പറ്റിയിരിക്കുന്നു. ആര് ആരോട് ചോദിച്ചാലും, നമുക്ക്, കേരളീയർക്ക് ഒരു അടിസ്ഥാന മൂല്യം, നീതിപൂർവ്വമായ, ഉത്തരവാദിത്വമുള്ള മാനുഷിക ബന്ധങ്ങൾ ഇവയെല്ലാം കേരളമണ്ണിൽ കുഴിച്ചിട്ടു എന്നായിരിക്കും ലഭിക്കുന്ന മറുപടി. മനുഷ്യമര്യാദ പാലിക്കാത്തവരാണധികവും. രാത്രിയോ പകലെന്നില്ല, കൊച്ചുകുട്ടികൾ, സ്ത്രീകൾ- അവർ അമ്മമാരോ, സഹോദരികളോ, അപരയോ ആകട്ടെ, അവർക്ക് സ്വതന്ത്രമായി ഒറ്റയ്ക്ക് നടക്കാൻ ഈ സമൂഹത്തിലെ ചില കള്ള മാന്യന്മാർ അനുവദിക്കുകയില്ല. ഇപ്പോഴുള്ള പ്രതിസന്ധിയെ തരണം ചെയ്യും. കേരളത്തിൽ കടുത്ത വെല്ലുവിളികളിൽ തട്ടിയുടയുന്ന പരാജിതരുടെ ഒരു സമൂഹത്തെയല്ല നമുക്ക് ആവശ്യം. പ്രവാസിമലയാളി നേരിടുന്ന കടുത്ത വെല്ലുവിളികൾ ഇതിന്റെ പ്രതിധ്വനിയാണ്.
"മെയ്‌ഡ് ഇൻ കേരള "
കേരളീയർ എല്ലാവരും മഹാമന:സ്കരാണ്- ഏതു മത- രാഷ്ട്രീയ സാമൂഹ്യ പ്രത്യയശാസ്ത്രം അനുസരിക്കുന്നവനും പിന്തുടരുന്നവനും ആയിരിക്കട്ടെ, ചിലപ്പോൾ രാഷ്ട്രീയപാർട്ടിരഹിതനും, ഒതുക്കത്തിൽ നിരീശ്വരവാദിയും, പരസ്യമായി ഏറെ പൊതുഭക്തിയും തീർത്ഥാടനകേന്ദ്രങ്ങളിൽ പോയി വണക്കങ്ങളും, ആചരിക്കുന്നവനായി പ്രത്യക്ഷപ്പെടുന്നു. പുണ്യപ്പെടാനോ പുണ്യമുണ്ടാകുന്നതിനോ വേണ്ടിയല്ല. എല്ലാവരും- മന്ത്രിയും, ഗുമസ്തനും തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും, ഏതുമതത്തിലും വിശ്വാസത്തിലും, പുരോഹിതരും, മോഷ്ടാക്കളും, ഗുണ്ടകളും, രാഷ്ട്രീയനേതൃത്വങ്ങളുമെല്ലാം അടുത്തും അകലെയുമുള്ള എല്ലാ തീർത്ഥാടനകേന്ദ്രങ്ങളിലും പതിവായി തൊഴുന്നതിനു പോകും. പെരുന്നാളുകളും ഉത്സവങ്ങളും പൂജയും വഴിപാടും സ്തോസ്ത്രക്കാഴ്ചകളും നൊവേനയും കാരിസ്മാറ്റിക്ക് ആഘോഷങ്ങളും ഉരുൾനേർച്ചയും ഇവയെല്ലാം ഇക്കൂട്ടർക്കെല്ലാം ഒരാവശ്യമാണ്. ഇതിന്റെ പോരായ്മതീർക്കാൻ ആരെയെങ്കിലും ഇല്ലാതാക്കാൻ ഏർപ്പാട് ചെയ്യുന്ന ഓരോ ക്വട്ടേഷനുകളുടെ പരമ്പരയും.
പ്രവാസിജീവിതം നയിക്കുന്ന ഓരോ മലയാളികളും കേരളത്തിലെ മാറി മാറി വരുന്ന ഭരണസിരാകേന്ദ്രത്തിലേയ്ക്ക് ശ്രദ്ധിക്കും. ഇന്ത്യയിൽ, ഭരണം നടത്തുന്നത് ആരാണ്? ഭരണസിരാകേന്ദ്രം നിയന്ത്രിക്കുന്നത് ജനപ്രതിനിധി സമൂഹത്തിന്റെ മേല്നോട്ടത്തിലാണോ ? അതോ ഏതോ അധോലോക ഗുണ്ടാസംഘമാണോ ഭരിക്കുന്നത്? നിലവിലുള്ള രാഷ്ട്രീയ നയം സാവധാനം നിരീക്ഷിച്ചാൽ സത്യത്തിന്റെ നിഴലിൽ നിൽക്കുന്ന പ്രവാസികൾക്ക് ഒരു ഉത്തരം കാണാത്ത കടംകഥയാണ്. ഭരിക്കുന്നത് മാഫിയ സങ്കേതമാണെന്നു പ്രവാസികൾ പറഞ്ഞാൽ രാഷ്ട്രീയക്കാരും അവരുടെ ഗുണ്ടകളും ചേർന്ന് പ്രവാസികളെ കണ്ണുരുട്ടി പേടിപ്പിക്കും, അവരുടെ വരുതിയിൽ നിറുത്തും. പ്രവാസികളും പൊതുജനങ്ങളും നൽകുന്ന നികുതിപ്പണം ആർഭാടമായി തിന്നുമുടിക്കുന്ന ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന 'കള്ളനും പോലീസും കളി' കൾ കേരളത്തിലും, പൊതുവെ നോക്കിയാൽ ഇന്ത്യൻ ഉപഭൂഖണ്ഡ രാഷ്ട്രീയത്തിലും അല്ലാതെ മറ്റൊരിടത്തും ഉണ്ടാകില്ല. ഇപ്പോൾ കൊറോണ പ്രതിസന്ധിയിൽ ആഗോള പ്രവാസിമലയാളികൾക്ക് കേരളത്തിലേയ്ക്ക് വരുന്നത് നിയന്ത്രിച്ചു കാര്യങ്ങൾ സർക്കാർ ചെയ്യുന്നു. അതേസമയം ഇപ്പോൾ "പ്രവാസി ഡിവിഡന്റ് പദ്ധതി" യിലൂടെ പ്രവാസി മലയാളികളുടെ പണം എങ്ങനെയും സമാഹരിക്കുവാൻ സക്കാർ നടത്തുന്ന ശ്രമങ്ങൾ നിരീക്ഷിക്കേണ്ടതാണ്. പ്രവാസികൾ ഭാവി സ്വപ്നം കണ്ടുകൊണ്ട് കേരളത്തിൽ അവർ നിർമ്മിച്ചതും, ആൾതാമസമില്ലാതെ കിടക്കുന്നതുമായ വീടുകളുടെമേൽ ചുമത്തുന്ന അധികനികുതി എങ്ങനെ നീതീകരിക്കാൻ കഴിയും ? ആൾത്താമസമില്ലാതെ കിടക്കുന്ന വീടുകളിൽ പൂർണ്ണമായും ഉപയോഗമില്ലാത്ത ഓഫ് ചെയ്തുകിടക്കുന്ന വൈദ്യുതി കണക്ഷനുകൾക്കും ചുമത്തുന്ന "കറന്റ് ചാർജ്" ബിൽ എങ്ങനെ നീതീകരിക്കാനാവും?
കേരളം കൃഷിഭൂമിയാണ്. അതുപക്ഷേ സർക്കാർ കൊണ്ടുവന്ന പുതിയ നിയമമനുസരിച്ചു , ഭൂമി വിൽപ്പന വാങ്ങൽ കാര്യങ്ങളിന്മേൽ സർക്കാരിന് നൽകേണ്ട പുതിയ നികുതി ചട്ടങ്ങൾ മൂലം , റീയൽ എസ്റ്റേറ്റ് ബിസിനസ് രംഗം ആകെ അടഞ്ഞുപോയിരിക്കുന്നു. കേരളത്തിലെ സാധാരണക്കാർക്കു മാത്രമല്ല, പ്രവാസി മലയാളികൾക്ക് അവരുടെ ഭൂമി-ഭവന സമ്പത്തുകളുടെ കൈമാറ്റ ഇടപാടുകളെ അടിമുടി തകർത്തുകളഞ്ഞു. കേരളം ഭരിച്ചിരുന്ന ഓരോരോ സർക്കാരുകളും പ്രവാസിമലയാളികളെ അന്യരാജ്യത്തുനിന്നും വന്നെത്തിയവരെപ്പോലെ കണ്ടു. അതേസമയം ജലപ്രളയം എന്നൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞു മറുനാടുകളിൽ മലയാളികളുടെയടുക്കൽ ചെന്ന് അവരിൽനിന്നും പണം ഇരന്നു വാങ്ങിക്കുകയും ചെയ്ത രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇരകൾ ആയതു പ്രവാസിമലയാളികളാണ്.
തൊഴിൽതേടിയുള്ള മലയാളികളുടെ കുടിയേറ്റചരിത്രം പരിശോധിക്കാം. കുടിയേറ്റങ്ങളുടെ ചരിത്രത്തിൽ ജർമ്മനിയിലേക്ക് നടന്നത്പോലെ, മലയാളി സ്ത്രീകൾ കുടിയേറിയ മറ്റൊരു രാജ്യം ആഗോളതലത്തിൽ ആകെ വേറെ ഉണ്ടായിട്ടില്ല. മലയാളിവനിതകളുടെ അന്നത്തെ അതിസാഹസിക കുടിയേറ്റ ചരിത്രം സമാനതകളില്ലാത്ത ധീരമാതൃക തന്നെയായായിരുന്നു. സംഭവിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്തിനു ശേഷം 1958 മുതലായിരുന്നു, ആദ്യം എന്നത് ഏറെ ശ്രദ്ധയാർജ്ജിച്ചിരിക്കുന്നു..
തൊഴിൽതേടി മറുനാട്ടിൽ പോയി ജീവിക്കുന്ന ഓരോ പ്രവാസിയും തനിക്ക് നഷ്ടമായ ജനിച്ച നാടും വീടും ആർഭാടജീവിതം ഒതുക്കിവച്ചു മിച്ചംവച്ചു ഉണ്ടാക്കിയ സമ്പത്തും ഹൃദയത്തിൽ മാത്രം സൂക്ഷിക്കും. അതുപക്ഷേ ഒരു പ്രവാസിയെക്കുറിച്ചു ജന്മനാട്ടിലുള്ളവർ ചിന്തിക്കുന്നത് എപ്രകാരമാണെന്ന് കാലങ്ങൾ തെളിയിച്ചു കഴിഞ്ഞു. സ്വന്തം വീട്ടിലും നാട്ടിലും മറുനാട്ടിലും പ്രവാസിയായി മാറിയവർ, കഴിഞ്ഞകാലങ്ങളിലെ ഓർമ്മകളുടെ നടുക്കടൽ നീന്തിക്കടക്കുകയാണ് ഇപ്പോൾ. കേരളം എന്ന പിറന്നുവീണ മാതൃരാജ്യവും തങ്ങളുടെ സ്വന്തം മാതൃഭവനവും ഓരോ പ്രവാസി മലയാളിക്കും സ്വപ്നം പോലെ എന്നേയ്ക്കുമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
കേരളം മനോഹരമാണ്, വളരെയേറെ മനോഹരമാണ്, അത് യൂറോപ്പിലെ സ്വിറ്റ്സർലൻഡ് പോലെയോ അഥവാ മറ്റു ചില രാജ്യങ്ങൾ പോലെയോ എന്ന് പറയാം. അതുപക്ഷേ 99.05 % പോലും സമാനതയില്ലാത്ത നിരവധിയേറെ ആക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്. അതിങ്ങനെ: കേരളത്തിലെ റോഡുകളെല്ലാം മനുഷ്യജീവന്റെ അവസാനം എന്ന മരണത്തെ ചെവിയോർത്തു കാത്തു നിൽക്കുന്ന ശ്മാശാനതുല്യമാണ്. പട്ടണങ്ങളും അവിടെയുള്ള റോഡുകളും മാലിന്യനിക്ഷേപകേന്ദ്രങ്ങളാണ്. പൊതുവെ നോക്കിയാൽ റോഡ്- റെയിൽ ഗതാഗതവും താറുമാറായ മറ്റൊരു സ്ഥലവും കാണില്ല. കേരളത്തിലെ ഓരോ പൊതുവഴികളും മരണവഴികളായി മാറുന്നു എന്ന സത്യം പ്രവാസികൾക്ക് കുറെ അറിയാം..
പ്രവാസികൾ "വരത്തന്മാരോ"?
ഇവയ്‌ക്കെല്ലാം ഉപരിയായി മുകളിൽ പതഞ്ഞുപൊങ്ങിയ മറ്റൊരു കഴിഞ്ഞ കാലസംഭവം ഇന്ത്യയിൽനിന്നു മാത്രമല്ല, മലയാളികൾ എവിടെയെല്ലാം ഉണ്ടെങ്കിലും അവിടെയെല്ലാം ആ സംഭവം വിവാദവിഷയമായിരുന്നു. കാരണമിതായിരുന്നു. ഒരിക്കൽ കുറേനാളുകൾ ഒരു പ്രവാസിയായിരുന്ന, പിന്നീട് സ്വവാസിയായിമാറിയ ശ്രീ. ശശി തരൂർ എന്ന മാന്യവ്യക്തിതന്നെ പൊട്ടിച്ച പടക്കം. ആ പടക്കം പൊട്ടിയപ്പോൾ ആദ്യമേ ചെന്ന് കൊണ്ടതും അതുമൂലം പരിക്കുപറ്റിയതും ഇന്ത്യയിലെ കോൺഗ്രസുകാർക്കായിരുന്നു. "കന്നാലിപ്പടക്കവും" ലാളിത്യം നിറഞ്ഞ "തീവണ്ടിയാത്രയുമാണ് >"അതിലെ ഉള്ളടക്കമായിരുന്നത്. കുറച്ചു ആലോചിച്ചാൽ ഇച്ചിരെയില്ലാതില്ല. ഇന്ത്യയിൽ ഇപ്പോഴുമുള്ള തീവണ്ടികളുടെ കെട്ടും മട്ടും സൗന്ദര്യവും ഇത്രനാളായിട്ടും അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കുവാൻ ആരും ശ്രദ്ധിച്ചിട്ടില്ല, അത് സാധിച്ചുമില്ല. ഇപ്പോൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഈ ആഗസ്റ്റ് 15 ന്, 73 വർഷങ്ങൾ തികയുന്നു. മഹാത്മാഗാന്ധി സഞ്ചരിച്ചിരുന്ന തീവണ്ടിയുടെ കെട്ടും മട്ടും സൗന്ദര്യവും ഇപ്പോഴും നിലനിറുത്തുന്നതിലെ ജനകീയ ലാളിത്യം ഒട്ടും മനസ്സിലാകുന്നില്ല. ആരെന്തുപറഞ്ഞാലും, ശശി തരൂരിന്റെ പടക്കം പൊട്ടിച്ചകാര്യത്തെക്കുറിച്ചു പറഞ്ഞവർ കരുതിയതിങ്ങനെയാണ്: "ശശി തരൂരും ഒരു 'വരത്തൻ' ആണല്ലോ, ഒരു 'പ്രവാസി' യായിരുന്നല്ലോ" എന്ന ആക്ഷേപം!. കൊള്ളാം !! ലോകമര്യാദകളും നയതന്ത്ര പെരുമാറ്റങ്ങളും തമാശകളും പറഞ്ഞു കൊടുക്കേണ്ടതുണ്ടോ? ഇതെല്ലാം കേട്ടറിഞ്ഞ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. മൻമോഹൻ സിംഗ് ഇപ്രകാരം പറഞ്ഞു:"ഇതെല്ലാം അപ്പച്ചന്റെ ഒരു തമാശ"യാണെന്ന്... പരിഷ്‌കൃതജീവിതസംസ്കാരം കുറെ പരിശീലിച്ച ഒരു പ്രവാസിമലയാളിക്ക് പറ്റിയ ചെറിയവലിയ അബദ്ധം...
പ്രവാസികൾ എന്ന് പറഞ്ഞാൽ- ഇന്ത്യയിൽനിന്ന് അന്യരാജ്യത്തു ചെന്ന് പാർക്കുന്നവൻ എന്ന് വിളിപ്പേര് - ഈ പേരുണ്ടാക്കിയത് ആരായിരുന്നു?മനഃസാക്ഷിയിൽ മാലിന്യം നിറഞ്ഞ രാഷ്ട്രീയക്കാർ നൽകിയതാണ്, അത്. പ്രവാസികൾക്കുള്ള അടിസ്ഥാന അവകാശങ്ങൾ അപ്പാടെ അവർ നിയമം ഉണ്ടാക്കി ഇല്ലെന്നാക്കി. ഇന്ത്യൻ ഭരണഘടന എഴുതിയിരിക്കുന്ന വരികളിൽ വ്യവസ്ഥചെയ്യുന്ന പൗരത്വമില്ല, യഥാർത്ഥ പൗരത്വം ഉണ്ടെങ്കിൽപോലും വോട്ടവകാശമില്ല. ഇന്ത്യയ്ക്ക് പുറത്തു 180 ദിവസങ്ങൾക്ക് മേൽ ഉള്ള ഏതോ കാലയളവിൽ താമസിക്കുന്നവർക്ക് നോൺ റസിഡന്റ് ഇന്ത്യൻ എന്ന ടൈറ്റിൽ നൽകിയിരിക്കുന്നു. എന്നാൽ ലോകരാജ്യങ്ങളിൽ ഒരിടത്തും ഇപ്രകാരമുള്ള ഒരു നിയമവ്യവസ്ഥയോ സ്വന്തം പൗരന്മാരെ അപരന്മാരാക്കി അതല്ലാതാക്കുകയോ ചെയ്യുന്ന ഒരു ഭരണഘടനയില്ല. ഇന്ത്യാക്കാരന് നാലു തലമുറകൾവരെ ചില നിശ്ചിത നിയന്ത്രിതകാലത്തെ അവകാശങ്ങൾ മാത്രം !!
മാറ്റങ്ങളുടെ യുഗം- അറിയുന്നതും അന്വേഷിക്കുന്നതും.
ആഗോളതലത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയമാറ്റങ്ങൾ ലോക ജനതയ്ക്ക് ഭീഷണിയായിത്തീരുന്നുണ്ട്. ജനാധിപത്യവ്യവസ്ഥിയിൽ വലിയ വീഴ്ചകൾ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഭരണാധികാരിവർഗ്ഗം ഏകാധിപത്യ മനോഭാവം ഉയർത്തിപ്പിടിക്കുന്ന ശൈലിയാണ് ലോകം ദർശിക്കുന്നത്. റഷ്യ, ചൈന, ഇന്ത്യ, അമേരിക്ക എന്നിങ്ങനെ പലരാജ്യങ്ങളിലും ഏകാധിപത്യം നിഴലിക്കുന്നു. നിരവധി ഉദാഹരണങ്ങൾ പറയുവാൻ കഴിയും. ഇക്കാലത്തു ലോകരാജ്യങ്ങളുടെ പരസ്പരസഹകരണം, ലോകസമാധാനം, തുടങ്ങിയ പല വിഷയങ്ങളിൽ അപകടകരമായ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. അമേരിക്കയിൽ റാസിസം, നാറ്റോസഖ്യവുമായുള്ള വിള്ളൽ, അമേരിക്കയും, ജർമ്മനിയും, അമേരിക്കയും ചൈനയും തമ്മിലുള്ള നിസ്സഹകരണം, ഇന്ത്യയിൽ ഇന്ത്യൻ പൗരത്വഭേദഗതിബിൽ, റാസിസ്റ്റിക്ക് മനോഭാവം, കൊറോണ വൈറസിന്റെ പ്രതിസന്ധിയിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നിരുദ്ധരാവാദിത്വപരമായ പ്രചാരണങ്ങൾ, പ്രവാസി ഇന്ത്യക്കാർക്ക് എതിരെയും സ്വീകരിച്ച രാഷ്ട്രീയ നിലപാടുകൾ, റഷ്യയിൽ പ്രസിഡന്റിന്റെ അധികാരകാലാവധി നിയമം ഉണ്ടാക്കി നീട്ടിയത്, ഇങ്ങനെ അനേകം ഏകാധിപത്യ ഭരണശൈലിയാണ് ഈ രാജ്യങ്ങളിൽ അനുഭവപ്പെടുന്നത്.
കഴിഞ്ഞകാലങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കാതെയുള്ള മുമ്പോട്ടുള്ള ഒരു കടന്നുപോകലും ശരിയല്ലല്ലോ. കഴിഞ്ഞകാലങ്ങളിൽ ആഗോളതലത്തിൽ ഉയർന്നുപൊങ്ങിയ സമ്പത് വ്യവസ്ഥിതിയിലെ നഷ്ടങ്ങളും പ്രതിസന്ധികളും ആഗോളവത്ക്കരണപ്രക്രിയയുടെ ഭാഗമായിട്ട് വളരെ മെച്ചപ്പെടുകയും ചെയ്തിരുന്നു. വിനിമയ സാദ്ധ്യതകളിൽ വളരെ മെച്ചപ്പെട്ട, പ്രത്യേകിച്ച് അന്തർദ്ദേശീയ സാമൂഹ്യമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരിൽ വളരെ അത്ഭുതകരമായ ആത്മവിശ്വാസത്തിന്റെ പുതിയ മാനങ്ങളുണ്ടായി. യൂറോപ്യൻ രാജ്യങ്ങളിൽ എന്നല്ല, ആഗോളതലത്തിൽ വികസനത്തിന്റെ പുതിയ ചനങ്ങളും മാറ്റങ്ങളും ഉണ്ടായി. എന്നുമുതൽ ആഗോളവത്ക്കരണ സ്വാധീനം അന്തർദ്ദേശീയതലത്തിൽ ശക്തിയാർജ്ജിച്ചത് അന്നുമുതൽ അടിസ്ഥാനപരമായ കുറെ കാര്യങ്ങൾ പ്രധാനപ്പെട്ടതായിരുന്നെന്നു നമുക്ക് കാണാം. അതിങ്ങനെ: ആഗോളവത്കരണപ്രക്രിയതന്നെ വളരെ പുതിയ ഒരു പ്രതിഭാസമാണ്. ഇത് രണ്ടാം ലോകമഹായുദ്ധകാലത്തിനുശേഷമാണ് ഉണ്ടായത്. അതുപോലെ യൂറോപ്യൻ രാജ്യങ്ങളിൽ പതിനഞ്ചാം നൂറ്റാണ്ടു മുതലുള്ള വികസനവും കൊളോണിയൽ ആധിപത്യവും. സാമൂഹിക ജീവിതസംസ്കാരം എന്നുമുതൽ തുടങ്ങിയോ അന്നുമുതൽ രാജ്യങ്ങളുടെ അന്തർദേശീയ വാണിജ്യനയങ്ങളിൽ ഉണ്ടായ പുതിയ സമീപനങ്ങളും സഹകരണവും, 1840 കൾ മുതലുള്ള വ്യാപകമായ സ്വാതന്ത്രകമ്പോളങ്ങളും വ്യാപിച്ചതോടെ രാജ്യാന്തര രാഷ്ട്രീയ സാമ്പത്തിക സഹകരണം വർദ്ധിച്ചു.
വ്യത്യസ്ത കാരണങ്ങളാൽ വേർപെടുത്തപ്പെട്ടുപോയ ജനതകളുടെ വീണ്ടും കൂടിച്ചേരലുകൾ ആവശ്യമാണെന്നുള്ള യാഥാർത്ഥ്യം ഉണ്ടായതിനെപ്പറ്റി ഇരുപതാംനൂറ്റാണ്ടിന്റെ യൂറോപ്യൻ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുന്നതാണ്. വിവിധ കാരണങ്ങളിൽ ചിലതാണ്, സാമ്പത്തികം രാഷ്ട്രീയപ്രേരിതം, സാമൂഹികസാഹചര്യങ്ങൾ, ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാധീനം, ഇവയെല്ലാം, യൂറോപ്യൻ രാജ്യങ്ങളിൽ ജനങ്ങൾ അങ്ങും ഇങ്ങും കുടിയേറ്റങ്ങൾ, പാലായനങ്ങൾ നടത്താനുള്ള കാരണങ്ങളുണ്ടാക്കി. ഉദാഹരണമായി, പഴയ റോമൻ സാമ്രാജ്യത്തുനിന്നും ജർമ്മൻ പ്രദേശങ്ങളിലേക്കും, ജർമ്മനിയിൽനിന്നു റഷ്യ, റുമേനിയ, ഫ്രാൻസ് പോളണ്ട്, അമേരിക്ക എന്നിങ്ങനെ വിവിധ രാജ്യങ്ങളിലേക്ക് അവരുടെ മാതൃരാജ്യത്തുനിന്നും കുടിയേറിയിരുന്നു. ജർമ്മൻകാർ- ക്രിസ്ത്യാനികൾ, യഹൂദർ ഇങ്ങനെ വിവിധ ആചാരങ്ങളിൽ ജീവിച്ചവർ, രണ്ടാം ലോകമഹാ യുദ്ധകാലശേഷം അവരവരുടെ മാതൃരാജ്യങ്ങൾ മാനുഷികമായ നന്മയുടെ കാഴ്ചപ്പാടിൽ അവരവരുടെ സ്വദേശത്തേയ്ക്ക് മടങ്ങി ജീവിക്കാൻ ആഗ്രഹിച്ച ഓരോരുത്തർക്കും അവരവരുടെ പൗരത്വം അംഗീകരിക്കാനും നടപടികൾ ഉണ്ടാക്കി. അന്യരാജ്യങ്ങളിലേയ്ക്ക്- അമേരിക്കയിലോ , റഷ്യയിലേക്കോ, മറ്റിതരരാജ്യങ്ങളിലോ, പാലായനം ചെയ്തവരെ അവരുടെ പിൻഗാമികളുടെ വംശീയത മാത്രം നോക്കി മാതൃരാജ്യം ഹൃദയത്തോട് ചേർത്തു സ്വീകരിച്ചു.
പ്രവാസി ഇന്ത്യാക്കാരുടെ ദയനീയസ്ഥിതി
മാതൃരാജ്യം അംഗീകരിക്കാത്ത പ്രവാസജീവിതം നയിക്കുന്ന ഓരോ ഇന്ത്യൻ പൗരന്മാർ! ഇവർക്ക് ജീവിത വഴികൾ ഒരുക്കുവാൻവേണ്ടി ഒരു തൊഴൽ അവസരം നൽകാൻ ഇന്ത്യയിലെ സർക്കാരിന് കഴിഞ്ഞില്ല. അടിസ്ഥാന യോഗ്യതയുള്ള അഭ്യസ്തവിദ്യർക്കും അല്ലാത്തവർക്കും അവർ സ്വന്തമായി തൊഴിൽതേടി ഇറങ്ങിപ്പുറപ്പെട്ട ചരിത്രമാണുള്ളത്. ജീവിക്കാൻവേണ്ടി അന്യരാജ്യത്തു ചെന്ന് ഒരു തൊഴിൽനേടി അവിടെ ജീവിതം ആരംഭിച്ചു എന്ന ഒരു കുറ്റമേ അവർ ചെയ്തുള്ളൂ. എന്നാൽ ഭരണ- പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ ഇക്കാര്യം ഒരിക്കലും ചിന്തിച്ചിട്ടില്ല: ഇന്ത്യയുടെ സാമ്പത്തിക ഇൻഫ്രാസ്ട്രക്ടർ പണിതെടുക്കുന്നതിൽ പ്രവാസിഇന്ത്യാക്കാരുടെ സംഭാവന ചെറുതായിരുന്നില്ല, ഉദാഹരണത്തിന് കേരളസംസ്ഥാനത്തിനു പ്രവാസി മലയാളികളുടെ സംഭാവനകൾ ഇന്നും ഒട്ടും ചെറുതല്ല. വിദേശരാജ്യങ്ങളിൽ തൊഴിൽ തേടിപ്പയവരുടെ പ്രശ്നങ്ങളിൽ മാതൃരാജ്യമായ ഇന്ത്യയിൽനിന്നും ഒട്ടും ശ്രദ്ധ കൊടുക്കാത്ത നിലപാടുണ്ടായിരുന്നുവെന്ന കാര്യം വാസ്തവം തന്നെ. വിദേശത്തു തൊഴിൽതേടിപ്പോയവർ എന്നെങ്കിലും തങ്ങളുടെ മാതൃ രാജ്യത്തു തിരിച്ചുവന്നു ജീവിവിതാവസാനകാലംവരെ ജീവിക്കണം എന്ന ദുഃസ്വപ്നവുമായി കഴിയുന്ന പ്രവാസികളേറെയാണ്. അതുപക്ഷേ, അവരെ സ്വീകരിക്കാൻ നേരെ കടപ്പെട്ട മാതൃരാജ്യത്തെ സർക്കാരോ, അവരുടെ കുടുംബത്തിൽപ്പെട്ടവരോ ആരുമാകട്ടെ ഇപ്പോൾ തയ്യാറാകുന്നില്ല. അനേകം പ്രവാസിമലയാളികൾ ഇന്ന് നിരത്തിവയ്ക്കുന്ന യാഥാർത്ഥ്യങ്ങളാണ് ഞാൻ ഇവിടെ കുറിച്ചത്.
ഇപ്പോൾ കൊറോണ വൈറസ് പ്രതിസന്ധി ഉണ്ടായപ്പോൾ പ്രതീക്ഷിക്കാത്ത ദുരനുഭവമാണല്ലോ പ്രവാസിമലയാളികൾ നേരിട്ട് അനുഭവിച്ചത്. പ്രവാസി മലയാളികൾ കാത്തിരിക്കുന്നത് ഭീകര അനിശ്ചിതത്വം നിറഞ്ഞ അവരുടെ ഭാവിപ്രതീക്ഷകളാണ്. കാരണങ്ങൾ വളരെയേറെ ചൂണ്ടിക്കാണിക്കാനുണ്ട്. കേരളത്തിൽനിന്നും മറുനാട്ടിൽ ജീവിക്കുന്ന പ്രവാസിമലയാളികൾക്ക് അവരുടെ സാമ്പത്തിക സുരക്ഷിതത്വവും, സാമൂഹ്യ സുരക്ഷിതത്വവും ഗാരണ്ടി ചെയ്യുന്ന ഒരു നിയമസംരക്ഷണം പ്രവാസിമലയാളികൾക്ക് ആരും ഇതുവരെയും നൽകിയിട്ടില്ല, പകരം അവർക്കെതിരെയുള്ള സർക്കാരിന്റെ നിലപാട്, കേന്ദ്രസർക്കാരിന്റെ വിദേശകാര്യമെന്താലയത്തിന്റെ കടുത്ത നിലപാടിലെ വൈരുദ്ധ്യാം വളരെ പ്രകടമാണ്. കേരളസർക്കാരുകൾക്കും ഇതുവരെ അനുകൂലനിലപാട് ഇല്ല. പ്രളയസഹായംപോലെയുള്ള അനേകം അടിയന്തിരഘട്ടങ്ങളിൽ മന്ത്രിമാരും ജനപ്രതിനിധികളും പ്രവാസികൾ ജീവിക്കുന്ന അന്യനാട്ടിലേയ്ക്ക് പ്രവഹിക്കുകയാണ്, ധനസഹായം ഏറ്റവും വേഗം പിഴിഞ്ഞെടുക്കുവാൻ. അവർക്ക് ഉടൻ ലഭിക്കുകയും ചെയ്യും. പക്ഷെ, വിവിധ സാഹചര്യത്തിൽ വിദേശങ്ങളിൽ ചെന്ന് തൊഴിൽനേടി അവിടെ ജീവിക്കുകയും നിർബന്ധിത സാഹചര്യത്തിൽ വിദേശപൗരത്വം എടുത്ത പ്രവാസിമലയാളികൾ എന്നെന്നും മറ്റൊരു സംസ്കാരത്തിന്റെയും പുതിയ ജീവിതശൈലിയുടെയും ഭാഗികമായ നിർബന്ധിത അനുവർത്തികളാണ്.
സ്വന്തം ജന്മനാട്ടിലും ജനിച്ചവീട്ടിലും കൊറോണ പാൻഡെമിക് പ്രതിസന്ധി ഘട്ടത്തിലും ഈയിടെയായി പ്രവാസി മലയാളികൾ നേരിട്ടനുഭവിച്ച ദാരുണ അനുഭവങ്ങൾ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നല്ലോ. സ്വാഭിമാനത്തോടെ വിളിച്ചുകൂവി പ്രചാരണം നൽകിയ "ദൈവത്തിന്റെ സ്വന്തം നാട്" എന്ന കേരളഭൂമിയെപ്പറ്റി പ്രവാസിമലയാളികൾ ഇന്ന് അവജ്ഞയോടെ കാണുന്നത് തന്നെ പ്രവാസിമലയാളികളുടെ മനസ്സുവിങ്ങിപ്പൊട്ടിയുള്ള അതി ദയനീയ രോദനമാണ്. കേരളത്തിന്റെ ബഹുമുഖവികസനം- തൊഴിൽരംഗവും വിദ്യാഭ്യാസവും ജനങ്ങൾക്ക് സാദ്ധ്യമാക്കുക എന്നിങ്ങനെയുള്ള വാഗ്ദാനം പറഞ്ഞ ജനപ്രതിനിധികളും മന്ത്രിമാരും നികുതിവർദ്ധനവ് നടത്തി അധിക നികുതി പിരിച്ചെടുത്ത് അവരുടെ കീശയിലാക്കിയ കാര്യങ്ങൾ പ്രവാസി മലയാളികൾ അറിയുന്നു. പിരിച്ചെടുത്ത നികുതിപ്പണംകൊണ്ടു ജനപ്രതി നിധികളുടെ എല്ലാവിധ ചെലവുകളും നടത്തുവാൻ ഉപയോഗിച്ചു. ഇങ്ങനെ നികുതി പിരിച്ചെടുത്ത പണം ഒന്നിനും ഉപയോഗിക്കാതെ കേരളത്തെ ഇന്നും നരകതുല്യമാക്കിയത് ആരാണ്, പ്രവാസിമലയാളികളോ?
മാതൃരാജ്യത്തെ പൗരന്മാരെ അവരുടെ വരുതിക്ക് നിറുത്തി കേരളനാടിനെ നശിപ്പിക്കുമ്പോഴും, ഭരണാധികാരികളും അവരുടെ കൂട്ടുകക്ഷികളായ ജനപ്രതിനിധികളും വിദേശങ്ങളിലേക്ക് പ്രകൃതി ദുരന്തധനസഹായത്തിന് അഭ്യർത്ഥനയുമായി പ്രവാസി ഇന്ത്യാക്കാരുടെ മുന്നിൽ വന്നെത്തുമ്പോൾ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഇവരിൽനിന്നാകട്ടെ ഇന്നുവരെയും പ്രവാസിമലയാളികൾക്ക് യാതൊരുവിധ സഹായങ്ങളും ലഭ്യമായിരുന്നില്ല.. ഇക്കൂട്ടർക്ക് ഒരു കാര്യമേ അറിയു, പണം വേണം. ജനങ്ങൾക്ക് ആവശ്യമുള്ള സമാധാനം കൊടുക്കുക എന്നത്പോലും അവരുടെ അജണ്ടയിൽ ഒരിക്കലുമില്ല..
രാജ്യത്ത് അസമാധാനവും അരാജകത്വവും നടത്തുന്ന ഏതു ഭരണാധികാരി വർഗ്ഗങ്ങൾക്കുമെതിരെ പൊതുജനവിമോചനസമരം നടത്തിയാൽ ലോക മന:സാക്ഷിയുടെ മുഴുവൻ പിന്തുണയും ലഭിക്കും. ഭരണ- പ്രതിപക്ഷ പാർട്ടി നേതൃത്വങ്ങളുടെ പരിതാപകരമായ പ്രസ്താവനകൾ പ്രവാസിമലയാളികൾ കേട്ടുകേട്ട് മടുത്തു. പ്രവാസിമലയാളികളുടെ വരവിനെപ്പറ്റിയുള്ള മന്ത്രി തലത്തിലുള്ള പ്രസ്താവനരംഗങ്ങൾ മാദ്ധ്യമങ്ങളിലൂടെ കണ്ടാൽ ഓരോരോ പ്രാവശ്യവും നാടക സ്റ്റേജിലെ കർട്ടൻ ഉയരുമ്പോഴുള്ള നമ്മുടെയൊക്കെ മനസ്സിലുണ്ടാകുന്ന തോന്നലുകളാണ്. മാന്യമായി ജീവിക്കാനാഗ്രഹിക്കുന്ന പ്രവാസിമലയാളിക്ക് റോഡിലും വീട്ടിലും സ്വസ്ഥമായി കഴിയണമെന്നുള്ള ആഗ്രഹം ഇന്ന് വെറും അത്യാഗ്രഹമായി മാറുകയല്ലേ? ഒരു പ്രവാസിയുടെ ഭൂസമ്പത്ത് കാര്യത്തിൽ സർക്കാർ നിലപാട് അതിക്രൂരമാണ്, യാതൊരു സുരക്ഷിതത്വവും നൽകില്ല. ലക്ഷോപ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപകടപ്പെടുത്തുന്ന ഒരു ഭീകര പാൻഡെമി പ്രതിസന്ധിഘട്ടത്തിൽ രാജ്യം ഭരിക്കുന്ന ഇന്ത്യൻ സർക്കാർ ഏത് യുഗത്തിലാണ് ഭരിക്കുന്നത്? ലോകം കണ്ടിട്ടില്ലാത്ത ഒരു മഹാദുരന്തം വന്നു കഴിഞ്ഞപ്പോൾ സ്വന്തം നാട്ടിലെ സ്വന്തം വീട്ടിൽക്കിടന്നു അന്ത്യനിമിഷം എങ്കിലും പ്രതീക്ഷിച്ച പ്രവാസി മലയാളികൾക്ക് യാതൊരുവിധ സഹായ ഹസ്തവും ഇല്ലാതെ ശ്വാസം മുട്ടുന്നു. ഒരുവലിയ ദയനീയ ദുരന്തം വന്നുകഴിഞ്ഞശേഷം രാഷ്ട്രീയ നേതൃത്വങ്ങൾ വിലപിച്ചിട്ടും അന്ത്യകർമ്മങ്ങൾക്ക് അനുശോചനം അറിയിച്ചിട്ടും കാര്യമില്ല.
നിയമത്തിന്റെ അന്ധമായ കണ്ണുകളാണ് എവിടെയും! ഇന്ത്യയിൽ നീതിയും മനുഷ്യാവകാശവും സംരക്ഷിക്കുന്നവരെന്നു എപ്പോഴും അവകാശപ്പെടുന്ന കാവൽക്കാരായ ഇന്ത്യയിലെ മുഴുവൻ ജനപ്രതിനിധികളും, മന്ത്രിമാരും, ഒരു നീതിപീഠവും ഉണ്ട്. അവിടെ അവർ എന്താണ് നടത്തുന്നത്? ഈ അധികാരി വർഗത്തിന്റെ, ഒരു അപവാദത്തിന്റെ കാര്യത്തിൽ ഉള്ള, വേരുകൾ തീരെ അജ്ഞാതമാണ്, എന്ന് സാമാന്യമായി പറയാം. അത് കഴിയും, ഇത് കഴിയില്ല. അന്ധതയുടെ മൂടൽ മഞ്ഞിൽ, ഇതെല്ലാം "വ്യക്തത" സൃഷ്ടിക്കാൻ വേണ്ടിയ നിർണ്ണായകമായ എന്തെങ്കിലും സംഭവിക്കുന്നുണ്ട്; ഇതിന്റെ ഉള്ളടക്കവും ചില ഉദ്ദേശ്യങ്ങളും ആർക്കറിയാം.? അത് നിലനില്ക്കുന്നു. ഉടനടി മറ്റൊരു കാഴ്ചയുടെ സ്ട്രീമിലേക്ക് നയിക്കുന്നു, ജനങ്ങളുടെ മനസ്സിൽ പ്രവാസികളായ ഇന്ത്യാക്കാരുടെ ഓരോ വിഷയങ്ങൾ കൂടുതൽ ഏറെ വിമർശനാത്മകമായി വരുന്നു, അങ്ങനെ വിഷയങ്ങൾ ഒരു വലിയ ആഗോള രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ശക്തമായ സമ്മർദ്ദം വർദ്ധിപ്പിക്കുകയുമാണ്. ഇവിടെ നിന്ന് അതിനു ഭാവിയിൽ എന്തുമേതിനും സാധ്യമാണ്. ഈ യഥാർത്ഥ വിവരങ്ങൾ സാധാരണഗതിയിൽ എഴുതിയതല്ല, എന്തിനെപ്പറ്റിയും എന്നല്ല, തരംപോലെ ഏതിനെക്കുറിച്ചും രാജ്യത്തെ പരമാധികാരിയായ മേധാവി പറയും. അതു പക്ഷേ, യഥാർത്ഥവസ്തുതകൾക്ക് അവരുടെ സാമാന്യതാത്പര്യങ്ങൾ ഏറ്റവും കുറഞ്ഞതാണ്.
അറബിക്കഥകൾപോലെ ആയിരം വർഷങ്ങൾ പറഞ്ഞാലും കേരളത്തിൽ നിന്നും മറുരാജ്യത്ത് ജീവിതമാർഗ്ഗം തേടിയ "പ്രവാസിമലയാളി"കളുടെ ആകെയുള്ള ദുഃസ്ഥിതി മാറുമോ? കേരളത്തിന്റെ ദുഃസ്ഥിതി മാറുമോ? ഇല്ലെന്നു തന്നെ ഉറപ്പിച്ചു പറയാൻ കഴിയും. ഈശ്വരന്മാരെപ്പോലും സൃഷ്ടിച്ച രാഷ്ട്രീയ നേതൃത്വങ്ങളും അവരുടെ തണൽപറ്റി ജീവിക്കുന്നവരുമാണ് പൊതുജനങ്ങളുടെയും വിശിഷ്യാ പ്രവാസിമലയാളികളുടെയും ഉറക്കം കെടുത്തുന്ന അദൃശ്യശക്തികൾ. ഇനിയുള്ളകാലം ഒരു പ്രവാസികളും ദൈവത്തിന്റെ സ്വന്തം നാടാണെന്ന് ആരോടും ചുണ്ടിൽ ഉരുവിടുമെന്നു കരുതുന്നില്ല. പ്രവാസിമലയാളികൾക്ക് കേരളം എന്ന മാതൃരാജ്യം എന്നേ നഷ്ടപ്പെട്ടു? പ്രതിസന്ധികൾ കേരളത്തിൽ ഉണ്ടായാൽ പ്രവാസിയുടെ പണനിക്ഷേപം കേരളം ആവശ്യപ്പെടുന്നു. കേരളം അസ്വസ്ഥതിയിൽ കത്തിയെരിയുന്നത് കാണാനുള്ള ദൗർഭാഗ്യം ഉണ്ടാകാതിരുന്നാൽ മതി. പ്രവാസിമലയാളികളോടുള്ള കടുത്ത അവഗണനയുടെ പുകഞ്ഞുപുകഞ്ഞു കൂടുന്ന പുകമറവിൽ സ്വന്തം മാതൃ ഭൂമിയെ കാണാൻ കഴിയാതെ വരുന്നു. പ്രവാസിമലയാളികളെ എങ്ങനെ ആര് രക്ഷിക്കും? അവരുടെ ദയനീയ ശ്വാസംമുട്ടൽ എപ്രകാരം അവസാനിക്കുമോ? //-
-----------------------------------------------------//---------------------------------------------
ധൃവദീപ്തി ഓണ്‍ലൈൻ
https://dhruwadeepti.blogspot.com
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI
ONLINE LITERATURE.
Published from Heidelberg, Germany,
in
accordance with the European charter on freedom of opinion and
press.
DISCLAIMER:
Articles published in this online magazine
are exclusively the views of the authors.
Neither the editor nor the
publisher are responsible or liable for the contents,
objectives or
opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371