ധ്രുവദീപ്തി: Panorama //
George Kuttikattu |
ഡിജിറ്റൽ യുഗത്തിലേക്കുള്ള പ്രയാണം-
അതൊരു തീരാ ശാപം തന്നെയോ?
George Kuttikattu
പകരമില്ലാത്ത, അനുകൂലമായ ജീവിത വാഗ്ദാനമോ , അതോ മറ്റൊരു സാങ്കേതിക യുഗത്തിലേക്ക് മനുഷ്യകുലത്തെ കൂട്ടി ബന്ധിപ്പിക്കുകയോ? ആനുകാലിക സമയത്തെ തുറന്ന ചിന്താവിഷയമാണ്, തീരെ തെളിവില്ലാത്ത ഈ വലിയ വിഷയം. ഭാവിയിൽ എല്ലാക്കാര്യങ്ങളും മനുഷ്യജീവിതം മുഴുവൻ ഡിജിറ്റലൈസ് ചെയ്യുക! സാധാരണക്കാരുടെ അഥവാ മദ്ധ്യവർഗ്ഗത്തിന്റെ ജീവിതം- ജനനം, മരണം, വിദ്യാഭ്യാസം, തൊഴിൽ, രാജ്യങ്ങളിലെ തൊഴിൽ വ്യവസായ മേഖലകൾ, മാധ്യമങ്ങൾ, രാഷ്ട്രീയം, ഭരണമേഖല, പൊതുവെ മനുഷ്യ സമൂഹത്തെ മുഴുവൻ ഒരു ചരടിൽ കോർത്തിണക്കി പരസ്പരം ബന്ധിതരാക്കുക, എല്ലാം ഡിജിറ്റലൈസ് ചെയ്യുക, എങ്ങനെയും.! ഇന്ത്യയിലൊട്ടാകെ മാത്രമല്ല, ഡിജിറ്റലൈസേഷനെ സംബന്ധിച്ച ചർച്ചകൾക്ക് വലിയ ചായ്‌വുണ്ട്. ആശങ്കയുണ്ട്. അതുപക്ഷേ യുക്തിപരമോ അതേപടിയെല്ലാം യാഥാർത്ഥമായതോ, സംശയാലുക്കളുടെ അനുകൂല നിലപാടുകളോ വിലയിരുത്തലുകളോടോ അടിസ്ഥാനപ്പെട്ടതല്ല. പ്രത്യേകിച്ച് ഭാവിയിലേക്കുള്ള പ്രതീക്ഷകൾ മനസ്സിൽ കരുതുന്നവരുടെ വിവേക പൂർവ്വമായ സ്വാഭാവിക പ്രതികരണമോ ആണോ?
ഏറിയ കൂറും ഡിജിറ്റ്റൈസേഷനെപ്പറ്റിയുള്ള വലിയ വിമർശനങ്ങൾ പ്രായോഗികമായി ചിന്തിക്കാവുന്ന ചില കാര്യങ്ങളിലാണ് ഉത്ഭവിക്കുന്നത്. പൊതുവെയുണ്ടാകുന്ന പ്രധാന കാര്യം ജനങ്ങളിൽ കാണപ്പെട്ട ഭയമാണ്. തൊഴിൽ ഭാവിയെപ്പറ്റിയുള്ള ആശങ്ക. തങ്ങളുടെ സ്വന്തം സമൂഹത്തിൽ തങ്ങൾക്കുള്ള സ്ഥാനം. തങ്ങൾ സ്വയം ഇഷ്ടപ്പെട്ടിരുന്ന പരിചയിച്ച ദിനചര്യകളിന്മേൽ മാറ്റങ്ങൾ ഉണ്ടാകുന്ന ഭയം. തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ഭയം, അതായത്, ഒന്നും മനസ്സിലാക്കാ ൻ കഴിയാത്ത ഭാവി ജീവിതത്തിനു നേർക്കുണ്ടാകാവുന്ന കടുത്ത ഭീഷണി കളെ അടുത്ത തലമുറകൾക്ക് ഒട്ടുമേ മനസ്സിലാക്കാൻ പറ്റാത്ത, അവരെ രക്ഷിക്കാനും കഴിയുകയില്ലാത്ത ഏതോ അപരിചിതവും അനിശ്ചിത വുമായ ഭാവികാല ലോകത്തിലേ ക്കാണ് അവരെയെല്ലാം അയക്കുന്നതെന്ന ഉൾഭയം വളരെയേറെ ശക്തമാണ്.
അതിനൊരുദാഹരണമാണ്, നരേന്ദ്ര മോദി സർക്കാർ ഈയിടെ ഇന്ത്യയിൽ ഏർപ്പെടുത്തിയ നോട്ടു നിരോധനവും, ബാങ്കിംഗ് ഇടപാടുകളിൽ വരുത്തിയ അനാവശ്യ നിയന്ത്രണവും. സർക്കാരിന്റെ വിശദീകരണം പ്രായോഗികമല്ല, ഫലപ്രദമല്ല. അവർ ഉദ്ദേശിക്കുന്നത് അഴിമതി നിവാരണമാണെങ്കിൽ പോലും ഇത്തരം നോട്ടു നിരോധനം വഴി സാധിക്കുകയില്ല. സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന, മന്ത്രിമാർ നടത്തുന്ന അഴിമതികളും കോഴപ്പണ ഇടപാടുകളും നിയന്ത്രിക്കണമെങ്കിൽ അവർക്കെതിരെ കർശന നിയമവും സൂക്ഷ്മ നിരീക്ഷണം വഴിയും അവയെ നേരിട്ട് ഇല്ലെന്നാക്കണം. അതുപക്ഷേ കോടതികളിൽ ജഡ്ജിമാർ ജനാധിപത്യ നീതിവ്യവസ്ഥയിൽ അവരും കണ്ണു മൂടിക്കെട്ടി അവരും അഴിമതിയുടെ പങ്കുകാരായി, ആരാധകരായി മാറി. ഇവരെയോ നമുക്ക് വിശ്വസിക്കാനാവില്ല.
ഭയം എന്നതിനെ ഒരു നിർവചനത്തിൽ മാത്രം ദർശിക്കുന്നത് കൃത്യമല്ല. അവയിലെ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ യുക്തിപരമായി ചേരുന്ന വിധം മനസ്സിലാക്കാൻ കഴിയണം. അല്ലാതെ അതിൽ അനുകൂലമായി യാതൊന്നും ചെയ്യാൻ സാധിക്കുന്നില്ല. ഭയ വികാരത്തെ പുറമെനിന്ന് നിരീക്ഷിച്ചാൽ, അത് തെറ്റോ, കാരണം ഇല്ലാത്തതോ ആയി മാത്രമേ ബാഹ്യമായി കാണാൻ കഴിയുകയുള്ളൂ.
ഭയവിചാരം ഒരിക്കലും അവഗണിക്കരുത്. മറിച്ചു, അടിസ്ഥാന ഭയത്തിൽ തന്നെ നിൽക്കണം. അതായത് ഡിജിറ്റലൈസേഷൻ നടപടിയിലൂടെയുള്ള ആശങ്കയിൽ ജനങ്ങൾക്കുള്ള ഭയം എന്നത് തീരെയങ്ങനെ എളുപ്പത്തിൽ അവഗണിക്കാവുന്നതല്ല. അത് ഏറെ പ്രാധാന്യമർഹിക്കുന്നു. കാരണം, അവ വളരെയാഴത്തിലും ശീഘ്രവേഗത്തിലും വ്യാപകമായി നടപ്പാക്കപ്പെടാൻ ലോകത്തെല്ലായിടത്തും മുമ്പെങ്ങും ഇല്ലാത്ത നിരന്തരമുള്ള മാറ്റങ്ങൾക്കു വിധേയമാക്കിക്കൊണ്ടിരിക്കുന്നു. മറ്റെല്ലാ കാലങ്ങളെക്കാൾ കൂടുതലായി സംശയമില്ലാതെ അനേകം പരിവർത്തങ്ങൾ ഉണ്ടാകുന്നുണ്ട്. അതുമൂലം പലകാര്യങ്ങളും അവയുടെ മൂല്യങ്ങളും നഷ്ടപ്പെടുകയോ, അവയെല്ലാം കുറെ യഥാർത്ഥമായിത്തീരുകയോ ചെയ്യാം എന്നത് സംഭവിക്കാവുന്നതാണ്.
അതേസമയം ഡിജിറ്റലൈസേഷൻ നന്നായി മനസ്സിലാകുമെങ്കിൽ, ഉയരുന്ന ഭയവിചാരം അടിസ്ഥാന പരമായി കുറയ്ക്കാൻ ആർക്കും കഴിയും. എന്നാൽ ഡിജിറ്റലൈസേ ഷൻ സൃഷ്ടിക്കുന്ന ഭയവിചാരം കൊണ്ടു നടക്കുന്ന, അതേ സമയം അത് പുറമെ ഒരിടത്തും പ്രദർശിപ്പിക്കാത്ത സംശയാലുക്കളായ ആധുനിക മനുഷ്യരുടെ ഇടയിലുണ്ടാകുന്ന ചർച്ചാവിഷയം ഉണ്ടാവുകയില്ല. ഓരോരോ രാജ്യങ്ങളിൽ അഥവാ ലോകമൊട്ടാകെയാകട്ടെ, നടക്കുന്ന ഏതു ചർച്ചകളും കടുത്ത വിമർശനങ്ങളും ഡിജിറ്റലൈസേഷൻ എഫിഷ്യൻസി ഫലപ്രദമായി ഉണ്ടാകാനിടയില്ലാത്ത ആശങ്കകളെപ്പറ്റി ആധുനികതയിൽ വിഷയമാക്കുന്നതേയില്ല. അതിനുപകരം വസ്തുതകളെയും അതിനുചേരുന്ന വിശദീകരണങ്ങളെയും ശരിയായി സ്ഥിരീകരിക്കുക, പോസിറ്റിവായ ഏതു വശങ്ങളെയും കാണുക, ഇതാണ് ശരിയായ കാഴ്ചപ്പാട്. അതുപോലെ തന്നെ, എപ്രകാരമാണ് ഡിജിറ്റലൈസേഷനു നേരെയുണ്ടാകുന്ന ഭയവികാരവും എന്നതിനെപ്പറ്റിയാണ് ഇത്തരം ആശങ്കകൾ എന്ന് കരുതാം. എന്നാൽ ഒരു വശത്ത് ഭയാശങ്കകൾ ഉണർത്തുന്ന യഥാർത്ഥ വസ്തുതകൾ എല്ലാംതന്നെ ഡിജിറ്റലൈസേഷനിൽ ഉണ്ടാകേണ്ട എഫിഷ്യൻസ് , ഡാറ്റ ഓൺലൈൻ ഇൻഫർമേഷൻ നടപ്പാക്കുന്നതിലടങ്ങിയിട്ടുണ്ടെന്ന് കാണാൻ കഴിയും.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും പ്രധാനമായി ഡിജിറ്റലൈസിങ് സംബന്ധിച്ച് ചിന്തിക്കുമ്പോൾ ഏതാണ്ടിപ്രകാരം നമുക്കിന്നു തോന്നാം. ഈ പ്രക്രിയ കൊണ്ടു എന്തിനെ എപ്രകാരം അളക്കാൻ കഴിയും, അവയെല്ലാം സാമ്പത്തികനേട്ടത്തിനു ഉതകുമോ എന്നൊക്കെ ? കാരണം, നമ്മുടെ പൊതു സാമൂഹ്യ ജീവിതത്തെ മുഴുവൻ കമ്പ്യൂട്ടർ ഉപകരണത്തിലെ സെന്സോറിൽ കുത്തിനിറച്ചു ഓൺലൈനിൽ നിത്യം ചുമന്നു കൊണ്ടേ നടക്കേണ്ടിവരുന്നു. നമ്മുടെ എല്ലാ ചലനങ്ങളും ഈ ഡാറ്റാ ഒഴുക്കിൽ നമ്മെയെല്ലാം പിന്തുടരുന്ന, നിരീക്ഷിക്കുന്ന, നമ്മുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഏകാധിപത്യ മുതലാളിത്ത ചരിത്രത്തിലെ ക്രൂരമായ സാമർത്ഥ്യമാണെന്നു കാണാം. ഈ നിർബന്ധിത സാമർത്ഥ്യത്തിന്റെ തുടക്കം മേൽപ്പറഞ്ഞ നിർബന്ധിത അളവ് അഥവാ എന്തിനും ഏതിനും മനുഷ്യജീവിതത്തിന്റെ ചലനത്തിലെ സ്വതന്ത്രമല്ലാത്ത അവസ്ഥാവിശേഷം തന്നെ! അതിനെ നമുക്ക് ഡിജിറ്റൽ കാപ്പിറ്റലിസ തത്വം എന്നും മേധാവിത്വം എന്നും വിശേഷിപ്പിക്കാം.
ഡിജിറ്റൽ കാപ്പിറ്റലിസത്തിന്റെ എല്ലാവശങ്ങളിലുമുള്ള മേന്മകളെ ല്ലാം ഉയർത്തിക്കാണുവാൻ കഠിന ശ്രമം തന്നെ ആവശ്യമുണ്ട്. അതുപോലെ തന്നെ സമൂഹത്തിൽ ഈ മേന്മകളെപ്പറ്റിയുണ്ടാകുന്ന തർക്കങ്ങളോ അഭിപ്രായ യുദ്ധങ്ങളോ പൊട്ടിപ്പുറപ്പെടാം. അതിനെപ്പറ്റി അങ്ങേയറ്റം ആധുനിക ലോകം ഭയപ്പെടേണ്ടതുണ്ട്. മനുഷ്യജീവിതത്തെ പൂർണമായി ഡിജിറ്റലൈസ് ചെയ്യുകയെന്നതിനു ഒരുദാഹരണമാണ് പ്രൊട്ടസ് (PROTEUS) എന്ന ഒരു മെഡിക്കൽ കമ്പനി ലോകത്തു അനുവദിക്കപ്പെടാത്ത ആദ്യത്തെ ഡിജിറ്റൽ മെഡിസിൻ നിർമ്മിച്ചത്. ഓരോ ഗുളികകളിലും മിനി മണൽത്തരി വലുപ്പത്തിലുള്ള സെൻസർ ഉണ്ട്. അതിൻ പ്രകാരം ഡോക്ടർമാർക്ക് ഈ സെൻസർ ടാബ്‌ലറ്റുകൾ വിഴുങ്ങുന്നവർ കൃത്യമായിത്തന്നെ മരുന്നുകൾ കഴിക്കുന്നുണ്ടോയെന്നു ശരിക്കും പരിശോധിക്കാൻ കഴിയുമായിരുന്നു എന്നാണു അതിലെ വിചിത്ര വസ്തുത. അതുപോലെ തന്നെ രോഗനിവാരണ കാര്യത്തിൽ ആന്റിബയോട്ടിക് മരുന്നുകൾക്ക് അത് വെല്ലുവിളിയായി. അങ്ങനെ, ഒരു ഡിജിറ്റൽ ഫലദായകത്വം കുറെ ചർച്ചയ്ക്ക് വിധേയമായി ഭാവിയിൽ കടുത്ത തർക്കം മൂർച്ഛിക്കുവാൻ ഇടയാക്കുന്നു.
യാന്ത്രിക കാഴ്ചപ്പാടിലൂടെ അതായതു ഡിജിറ്റലൈസേഷൻ വഴി ജനങ്ങളുടെ ദൈനം ദിന നടപടിക്രമങ്ങളെ നിരീക്ഷിക്കുക, നിയന്ത്രിക്കുക എന്നിങ്ങനെ ആധുനിക ലോകം വലിയ വെല്ലുവിളിയെ നേരിടുന്നു. ഓരോരുത്തന്റെയും വ്യക്തിവിവരപ്പട്ടിക മുഴുവൻ ഡേറ്റാ യന്ത്രങ്ങൾ (കമ്പ്യൂട്ടർ) പഠിക്കണം, പ്രവർത്തനങ്ങൾ,തീരുമാനങ്ങൾ, വിലയിരുത്തലുകൾ വിലയിരുത്തണം. ഇതിലെല്ലാം പ്രകടമായ തടസ്സങ്ങളും തെറ്റുകളും കുറവുകളും നേരിടേണ്ടി വരുന്നു. ഇന്ത്യയിൽ നിലവിൽ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ സമ്പ്രദായം ബഹുഭൂരിപക്ഷം ജനങ്ങളെ നിരാശരാക്കി. നിസ്സാരമല്ലെങ്കിലും ഒരാളുടെ ഐഡൻറ്റിറ്റി തെളിയിക്കുവാൻ എന്തിനു നിരവധി ഡിജിറ്റൽ കാർഡുകൾ വേണം? പാൻ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, ഇല്കഷൻ ഐഡന്റിറ്റി കാർഡ്, എന്നിങ്ങനെ ഒരാൾ ഒരു ബാഗ് നിറയെ ഡിജിറ്റൽ കാർഡുകളും കൊണ്ട് തോളിലേറ്റി നടക്കേണ്ട ഗതികേട് ഇന്ത്യാ രാജ്യത്തെ ഭരണാധികാരികളുടെ കഴിവുകേടും, അതിലേറെ ദയനീയ വിവരക്കേടിനും ഉദാഹരണമാണ്. ഒരാളെ സംബന്ധിച്ച എല്ലാവിവരങ്ങളും അടങ്ങിയ ഒരൊറ്റ കാർഡ് മാത്രം മതിയല്ലോ, ഈ ഡിജിറ്റൽ യാന്ത്രിക ഉപകരണത്തിന് പരിശോധന നടത്തുവാൻ? നിരവധി കാർഡുകൾ ഉണ്ടാക്കുന്നതിലൂടെ രാജ്യത്തിനു ഭരണാധികാരികൾ ഉദ്ദേശിക്കുന്ന യാതൊരു ഗുണങ്ങളും ലഭിക്കുകയില്ല.
വിവിധ മേഖലകളിൽ കമ്പ്യൂട്ടർ ഉപയോഗം ഫലപ്രദമായി നിലവിലുണ്ട്, കമ്പ്യൂട്ടർ ബ്ലാക് ബോക്സ് മുഖേന കൃത്യമായ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാറുമുണ്ട്. ഒരാളെപ്പറ്റിയുള്ള വിശദമായ അറിവ്, അതായത്, ഉദാ: ഇക്കാലത്തെ ജോലിസംബന്ധമായ അപേക്ഷകരെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ, തൊഴിൽ മേഖലയിലെ ജോലിക്കാരുടെ വ്യക്തിവിവരങ്ങൾ, സാമ്പത്തിക വാണിജ്യമേഖലയിലെ പ്രവർത്തനങ്ങൾ, ശാസ്ത്ര ഗവേഷണരംഗം, വിദ്യാഭ്യാസരംഗം, രാഷ്ട്രീയം, സർക്കാർ സംവിധാനം, എന്നിങ്ങനെ അനേകം മേഖലകളിൽ ഓൺലൈൻ സഹകരണം വിലപ്പെട്ടത് തന്നെ. അതുപക്ഷേ, ഇന്ത്യൻ പ്രധാനമന്ത്രിയുടെ വീക്ഷണത്തിലുള്ള ഇന്ത്യൻ കറൻസി രഹിത ഓൺലൈൻ സംവിധാനം പ്രായോഗികമാവുകയില്ല, അത് സാമ്പത്തിക മേഖലകളിൽ ജനങ്ങൾ കരുതിയ ഇതുവരെയുണ്ടായിരുന്ന വിശ്വാസം ബാങ്ക് സംവിധാനങ്ങളോടും മറ്റും പാടേ ഇല്ലാതാകും. ഡിജിറ്റൽ വിദ്യാഭ്യാസ സമ്പ്രദായം തികച്ചും പരാജയമായിരിക്കും. പ്രത്യേകമായി സാമ്പത്തിക ഭദ്രതയില്ലാത്ത ജനവിഭാഗങ്ങളോട് സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് കംപ്യുട്ടർ വാങ്ങി വീട്ടിലിരുന്നു വിദൂരവിദ്യാഭ്യാസം നടത്തുവാൻ പറയുന്നത് ഒട്ടും പ്രായോഗികമല്ല. കുട്ടികൾ എല്ലാവരും ബുദ്ധിപരമായി ഒരേ കഴിവുള്ളവരാകുകയില്ല, മാതാപിതാക്കൾ പുതിയ ഡിജിറ്റൽ യുഗവുമായി പരിചയപ്പെട്ടിട്ടില്ല.,മാനസികമായും പ്രായോഗികമായും.. അതിനാൽത്തന്നെ വിദൂര ഡിജിറ്റൽ വിദ്യാഭ്യാസ പരീക്ഷണം പരാജയമായേക്കും. വിദ്യാലയങ്ങളിൽ അദ്ധ്യാപകരും നോട്ടുപുസ്തകങ്ങളും നേരിട്ടുള്ള പ്രായോഗിക പരിശീലനവുമാണാവശ്യം.
ഡിജിറ്റൽ ഇൻഫോർമേഷൻ എഫിഷ്യൻ സ് തെറ്റല്ല, അനേകം കാര്യങ്ങൾക്ക് അതിന്റെ പ്രായോഗിക എളുപ്പവും സുഗമമായ കാര്യനടത്തിപ്പിനും നല്ലതു തന്നെ. ഉദാ: ആശുപത്രികളിൽ, വ്യവസായ രംഗങ്ങളിൽ, അതിപ്രധാന മായ ആരോഗ്യ ജീവിതാവശ്യങ്ങളിൽ അറിയേണ്ട ഡിജിറ്റൽ ഇൻഫോർമേഷൻ സൂക്ഷിക്കുന്നത് ഗുണദായകമാണ്. അതുപക്ഷേ, അവിടെയും നിരവധി സാങ്കേതികമായി നൂറുകണക്കിന് ബന്ധപ്പെട്ടുകിടക്കുന്ന ഇത്തരം കാര്യങ്ങളിലും കണ്ടുപിടിക്കാൻ പോലും കഴിയാത്ത അനേകം തെറ്റുകളും കുറവുകളും ഉണ്ടാകുന്നു. ഒരു പ്രത്യേക ഇൻഫൊർമേഷനെ കണക്കാക്കി തീരുമാനങ്ങൾ എടുക്കുവാൻ 99 % വസ്തുതകളും എല്ലാ വിവരങ്ങളും യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടണമെന്നില്ല. ഈ നിലപാട് അത്രതീരെ വിചിത്രമല്ല, ഡിജിറ്റൽ പരിവർത്തനത്തിലെ വിശദവും അതുപോലെതന്നെ ഡിജിറ്റൽ എഫിഷ്യൻസ്-റാഡിക്കലിസം നിരീക്ഷിക്കുവാനും ഉറപ്പായ അടിസ്ഥാനമായിരിക്കും. അതായത്, അറിവിന്റെ ശത്രു അറിവ്കേടല്ല, മറിച്ചു അറിവിനെപ്പറ്റിയുള്ള വെറും മിഥ്യാധാരണയാണ്. അതിനെ നമുക്ക് ഭയപ്പെടേണ്ടതുണ്ട്. ഡിജിറ്റൽ പരിവർത്തനത്തെ മനസ്സിലാക്കണം, ശരിയായ പാതയിൽ. അതോടൊപ്പം ഭാവി ഭയഭീഷണികളെ ഉണർത്തുന്ന അറിവിനെ കരുതലോടെ നേരിടാനുള്ള അവബോധം ജനിപ്പിക്കുന്ന വസ്തുതകളെല്ലാം കാണാനും നാം പ്രാപ്തരാകണം..//-
------------------------------------------------------------------------------------------------------------------------